പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ: ദേശീയ പണിമുടക്കില്‍ നടന്ന അക്രമസംഭവങ്ങളിലും മാധ്യമപ്രവര്ത്തകന് നേരെയുണ്ടായ മര്‍ദനത്തിലും ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
2025 ജൂലൈ ഒമ്പതിന് നടന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് നടത്തി ജീവനക്കാരെ പരിക്കേല്പിച്ച് യാത്രക്കാരില്‍ ഭീതി സൃഷ്ടിക്കപ്പെടുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ സമരാനുകൂലികള്‍ മര്‍ദിക്കുകയും ചെയ്തു.
ആംബുലന്‍സുകളും രോഗികളുമായി ആശുപത്രിയിലേക്ക് പോയ മറ്റു വാഹനങ്ങളുമുള്‍പ്പെടെ തടയുകയും ചെയ്തിരുന്നു. യാത്ര തടസപ്പെടുത്തി ചികിത്സ നിഷേധിക്കാനുള്ള ശ്രമം നടന്നതായും ആരോപണം ഉയര്‍ന്നിരുന്നു. പൊതുപ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജി ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്കിയ പരാതിയിലാണ് ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് ഉത്തരവ് നല്‍കിയിരിക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Violence