കുട്ടമ്പുഴ പിണവൂര്‍ക്കുടി ആദിവാസി ഉന്നതിയില്‍ വെളിയത്തുപറമ്പ് ഓലിയ്ക്കല്‍ രതീഷിന്റെ വീടിന് മുന്നിലെ ഷെഡിന്റെ പടുത കാട്ടാന വലിച്ചിട്ട് നശിപ്പിച്ചനിലയിൽ.
കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍ക്കുടി ആദിവാസി ഉന്നതിയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെളിയത്തുപറമ്പ് ഓലിയ്ക്കല്‍ രതീഷിന്റെ വീടിന് മുന്നിലെ ഷെഡിന്റെ പടുത വലിച്ചിട്ട് നശിപ്പിച്ചു.
200 ലിറ്ററിന്റെ പ്ലാസ്റ്റിക് ക്യാനും ഉണക്കാനിട്ട വസ്ത്രങ്ങളും പാത്രങ്ങളും കാട്ടുകൊമ്പൻ ഉപയോഗശൂന്യമാക്കി. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. അയല്‍വീട്ടുകാർ തങ്ങളുടെ വീടിന് മുന്നിലെത്തിയ ആന അവിടേക്ക് വരുന്ന വിവരം രതീഷിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
വീടിനു മുന്നില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആന എത്തിയത്. വന്നവഴി പടുത വലിച്ച് കീറുകയായിരുന്നു. ഒച്ചവച്ച് ആനയെ ഓടിച്ച് മിനിട്ടുകള്‍ക്കകം ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. മറ്റേതോ വനത്തില്‍നിന്ന് എത്തിയ കാട്ടാനയാണിതെന്ന് ആര്‍ആര്‍ടി അധികൃതര്‍ പറഞ്ഞു. ആനയെ നിരീക്ഷിച്ച് ആര്‍ആര്‍ടി പ്രദേശത്ത് ഉണ്ട്. വാര്‍ഡ് മെംബര്‍ ബിന്ദു രാജേന്ദ്രന് സ്ഥലം സന്ദർശിച്ചു .
ആനയുടെ ആക്രമണത്തില്‍ രതീഷിന് പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പറഞ്ഞു. ഉടുതുണിയല്ലാതെ മറ്റ് വസ്ത്രമെല്ലാം ആന നശിപ്പിച്ചെന്ന് രതീഷ് പറഞ്ഞു. അക്ഷയ മുഖേന നാശനഷ്ടത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
Tags : Local News Nattuvishesham Ernakulam