പ്രതീകാത്മക ചിത്രം
ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തില്‍ കുങ്കിയാനകളെ ഉപയോഗിച്ച് ഉള്‍വനത്തിലേക്ക് തുരത്തിയോടിക്കുന്ന കാട്ടാനകള്‍ വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തുന്നതായി പരാതി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി മേയുന്നത് എട്ട് ആനകളാണ്.
പ്രത്യേക പരിശീലനം നേടിയ വനപാലകരും രണ്ട് കുങ്കിയാനകളും കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കുന്ന പരിശ്രമത്തിലാണ്. കമ്പാടി, ചെളുക്കാടി, കോളൂര്, കറക്കപാളി, കണിയംവയല്, ത്രീഡിവിഷന്, കല്ലിങ്കര, ഫോര്‍ത്ത് മൈല്‍, പാടന്തറ, ദേവര്‍ഷോല കൊട്ടായിമട്ടം, ദേവര്‍ഷോല, ദേവന് എസ്റ്റേറ്റ്, ശങ്കരന് മേസ്തിരി പാടി, സര്ക്കാര്മൂല തുടങ്ങിയ ഭാഗങ്ങളിലാണ് കാട്ടാനകള്‍ സ്വര്യെെ വിഹാരം നടത്തുന്നത്. എന്നാല്‍ വനത്തിലേക്ക് തുരത്തിയോടിക്കുന്ന കാട്ടാനകള്‍ വീണ്ടും ഗ്രാമങ്ങളിലേക്ക് തന്നെ തിരിച്ചെത്തുകയാണ് ചെയ്യുന്നത്.
ജനസാന്ദ്രത കൂടിയ ഭാഗങ്ങളിലാണ് കാട്ടാനകള്‍ തമ്പടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. കൊട്ടായ്മട്ടം മേഖലയില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്. വനത്തിനുള്ളില്‍ കാട്ടാനകള്‍ക്ക് ആഹാരം ലഭ്യമാകാത്തത് കൊണ്ടാണ് ജനവാസ മേഖലയില്‍ നിന്ന് ആനകള്‍ പോകാത്തത്. തീറ്റയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ വനംവകുപ്പിന് സാധിക്കുന്നില്ല.
ആനകള്‍ കൂട്ടത്തോടെയാണ് സഞ്ചരിക്കുന്നത്. ദേവര്‍ഷോല പഞ്ചായത്തില്‍ ഭീതിതമായ അന്തരീക്ഷമാണുള്ളത്. എന്നാല്‍ വനംവകുപ്പ് രാത്രിയും പകലും ഒരുപോലെ കാട്ടാനകളെ തുരത്താനായി ശ്രമിക്കുന്നുണ്ടെങ്കിലും തുരത്തുന്ന ആനകള്‍ വീണ്ടും തിരിച്ചെത്തുകയാണ്. ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ച് ആനകളുടെ സാന്നിധ്യം കണ്ടെത്തിയാണ് തുരത്തുന്നത്.
വനാതിര്‍ത്തികളില്‍ സോളാര്‍ വേലികളും കിടങ്ങുകളും സ്ഥാപിക്കുകയും വനത്തില്‍ കാട്ടാനകള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുകയും ചെയ്താല്‍ മാത്രമെ കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനായി സാധിക്കുകയുള്ളു.
Tags : Local News Nattuvishesham Wild animals