ഉപ്പുതറ: ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് മുകളിൽ മരച്ചില്ല ഒടിഞ്ഞുവീണ് ഏലപ്പാറയിൽ യുവാവിന് ദാരുണാന്ത്യം. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രദീപിന്റെ മകൻ പ്രണവ് (21) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. യുവാവിനെ പീരുമേട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ചെമ്മണ്ണിൽനിന്ന് ഏലപ്പാറക്ക് സ്കൂട്ടിയിൽ യാത്ര ചെയ്യുമ്പോഴാണ് ഏലപ്പാറ വില്ലേജ് ഓഫീസിനു സമീപം ഒടിച്ചുകുത്തി വളവിൽനിന്ന കൂറ്റൻ ചീമ മുരിക്കിന്റെ ശിഖരം വീണത്. പ്രണവ് ഇന്നലെയാണ് പുതിയ സ്കൂട്ടി വാങ്ങിയത്.
ഹെലിബറിയ ടീ കമ്പനിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥലം സ്വകാര്യ വ്യക്തിക്ക് മുറിച്ച് വിറ്റിരുന്നു.ഈ സ്ഥലത്ത് റോഡിനോട് ചേർന്നുനിന്ന മുരിക്കിന്റെ ജീർണിച്ച വൻ ശിഖരമാണ് റോഡിലേക്ക് വീണത്.
നിരവധി തവണ എസ്റ്റേറ്റ് ഉടമയോടും സ്ഥലം വാങ്ങിയ സ്വകാര്യവ്യക്തിയോടും മരം വെട്ടിമാറ്റണമെന്ന് സമീപവാസികൾ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
Tags : Nattuvishesham Districte News