Editorial Audio
മാധ്യമങ്ങൾക്കു നിഷേധിക്കുന്ന സ്വാതന്ത്ര്യത്തെയും റെയ്ഡിനും അറസ്റ്റിനും വിധേയമാകുന്ന മാധ്യമപ്രവർത്തകരെയും കുറിച്ചുമേ നാം സംസാരിച്ചിട്ടുള്ളൂ. സർവസ്വാതന്ത്ര്യവും ആനുകൂല്യങ്ങളും കൊടുത്തു വളർത്തുന്ന മാധ്യമങ്ങൾ ജനാധിപത്യത്തോടു ചെയ്യുന്നതെന്തെന്നു തിരിച്ചറിഞ്ഞുവരുന്നതേയുള്ളൂ. ആഗോള മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ വീണുകിടക്കുകയാണ് ഇന്ത്യ.
പക്ഷേ, അതു മാത്രമല്ല ജനാധിപത്യത്തെ തകർക്കുന്നത്. മാധ്യമസ്വാതന്ത്ര്യ റിപ്പോർട്ടുകളിൽ പെടാത്ത മറ്റൊരു സമാന്തര സംവിധാനമാണ് ഗോദി മീഡിയ. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമലോകത്തെ അന്തകവിത്ത്! സ്വതന്ത്ര മാധ്യമങ്ങളെ തകർക്കുന്നതിനു പകരം, കൊട്ടാരം മാധ്യമങ്ങളെ വളർത്തി ലക്ഷ്യം നേടാമെന്നത് മാധ്യമ അപചയ ചരിത്രത്തിൽ എഴുതപ്പെടേണ്ട അധ്യായമാണ്.
ഗോദി മീഡിയ അഥവാ അധികാരത്തിന്റെ മടിയിലിരുന്നു കിഞ്ചനവർത്തമാനം പറയുന്ന മാധ്യമങ്ങൾ ചരിത്രത്തിൽ ആദ്യമല്ല. പക്ഷേ, കുറവായിരുന്നു. അതുകൊണ്ട് ‘നായകന്റെ’ തോഴരായി നടക്കുന്ന ആ വിദൂഷകരെ തിരിച്ചറിയാമായിരുന്നു. ഇന്ന് അതു സാധ്യമല്ലാത്തവിധം എണ്ണമേറി. പക്ഷേ, ഇത്തരം മാധ്യമങ്ങളെ ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയുന്ന ഒരു തലമുറ വളരുന്നുണ്ടായിരുന്നു.
അവരാണ് കഴിഞ്ഞദിവസം രാജ്യതലസ്ഥാനത്ത് ഗോദി മീഡിയയെ കൂക്കിവിളിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തത്. വ്യത്യസ്ത അഭിപ്രായമുള്ള മാധ്യമങ്ങളെ അപമാനിക്കുന്നതു ശരിയല്ല. പക്ഷേ, ഗോദി മീഡിയയ്ക്കു വ്യത്യസ്ത അഭിപ്രായങ്ങളുള്ളതായി കഴിഞ്ഞ 12 വർഷത്തിലൊരിക്കലും ആ വിദ്യാർഥികളും കണ്ടിട്ടില്ല. ഗോദി മീഡിയയ്ക്ക് ഒരു അഭിപ്രായമേ ഉള്ളൂ; സർക്കാർ ചെയ്യുന്നതെല്ലാം ശരിയാണ്, സർക്കാരിനെ എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളാണ്.
പ്രധാനമായും ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആ മാധ്യമങ്ങൾക്ക് പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടെ ആരെയും അപമാനിക്കാനും വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കാനും ലോകത്തൊരിടത്തുമില്ലാത്തവിധം സ്വാതന്ത്ര്യമായിരുന്നു. ഈ ‘മാധ്യമസ്വാതന്ത്ര്യം’ ജനാധിപത്യത്തിനേൽപ്പിച്ച പരിക്ക് ചില്ലറയല്ല. അതാണ് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ഇന്ത്യൻ സ്റ്റോറി! ഗോദി മീഡിയയുടെ പ്രോപ്പഗന്ത റിപ്പബ്ലിക്!
മാധ്യമസ്വാതന്ത്ര്യവും വിവരാവകാശവും സംരക്ഷിക്കുന്നതിനായി പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സർക്കാരിതര സംഘടനയാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്). മേയിലാണ് ഇവർ ഏറ്റവും പുതിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക പുറത്തുവിട്ടത്. 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 157. കഴിഞ്ഞ റിപ്പോർട്ടിൽ ഇത് 151 ആയിരുന്നു. മാധ്യമസ്വാതന്ത്ര്യം വിലയിരുത്തുന്നതിന്റെ മാനദണ്ഡങ്ങളായ സാമ്പത്തികം, നിയമം, സുരക്ഷ, രാഷ്ട്രീയം, സാമൂഹികം എന്നിവയിൽ മാധ്യമങ്ങൾക്ക് ഏറ്റവും തിരിച്ചടിയായത് നിയമം സംബന്ധിച്ചാണ്.
അതായത്, ദേശീയസുരക്ഷാ നിയമങ്ങൾ ദുരുപയോഗിക്കപ്പെടുന്നു. ആഗോള മാധ്യമസ്വാതന്ത്ര്യ റിപ്പോർട്ട് വിവരമില്ലാത്ത ചില എൻജിഒകൾ തയാറാക്കുന്നതാണെന്നും ഇന്ത്യയിൽ നൂറുകണക്കിന് മാധ്യമങ്ങൾ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. പക്ഷേ, നൂറുകണക്കിനു മാധ്യമങ്ങളല്ല, സമൂഹവിരുദ്ധമല്ലാത്ത ആയിരക്കണക്കിനുള്ള മാധ്യമങ്ങളും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ടതായിരുന്നു.
കേന്ദ്രസർക്കാരിനെ നിരന്തരം വിമർശിച്ചിരുന്ന ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടലിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയ്ക്കും എതിരേ റജിസ്റ്റർ ചെയ്ത കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത് കഴിഞ്ഞ മാസമാണ്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നായിരുന്നു ആരോപണം. നിയമസംവിധാനത്തിന്റെ ദുരുപയോഗമാണ് എഫ്ഐആർ എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2024ൽ പുർകായസ്ഥയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചട്ടങ്ങൾ പാലിക്കാത്ത അറസ്റ്റിൽ സുപ്രീംകോടതി വിട്ടയച്ചിരുന്നു. പക്ഷേ, സർക്കാർ വിട്ടില്ല. വീണ്ടും കോടതി മോചിപ്പിച്ചെന്നു പറയാം. പക്ഷേ, അറസ്റ്റിനും കോടതിവിധിക്കുമിടയിലൂടെ നടത്തുന്ന കാരാഗൃഹവാസമുൾപ്പെടെയുള്ള ഈ ഇരുണ്ട യാത്ര ഒരു മുന്നറിയിപ്പാക്കി സർക്കാർ മാധ്യമലോകത്തിനു മുന്നിൽ നിലനിർത്തിയിട്ടുണ്ട്. രാജ്യത്തെ ഈ സ്ഥിതിവിശേഷമാണ് അപ്രസക്തരായ പ്രാദേശിക നേതാക്കൾക്കുപോലും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ധൈര്യം കൊടുക്കുന്നത്.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്രത്തിൽ മാത്രമല്ല, സംസ്ഥാനങ്ങളിലുമുണ്ട്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബിൽ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ സർക്കാർ മാറ്റിവച്ചത് 2022 ഡിസംബറിലാണ്. പല സംസ്ഥാന സർക്കാരുകളും തങ്ങളെ വിമർശിക്കുന്നവരെ സഹിക്കുന്നില്ല. ‘കടക്കൂ പുറത്തെ’ന്നു പറയുന്നവരും നിങ്ങൾ ഏതു പത്രമാണ് എന്നു ചോദിക്കുന്നതുമൊക്കെ അസഹിഷ്ണുതയുടെ ദൃഷ്ടാന്തങ്ങളാണ്. പക്ഷേ, കേന്ദ്രസർക്കാരിന്റേത് മറ്റൊരു തന്ത്രമാണ്. അത് എതിർക്കുന്ന ഏതാനും മാധ്യമങ്ങൾക്കു പകരം അനുകൂലിക്കുന്ന നിരവധി മാധ്യമങ്ങളെ വളർത്തുന്ന തന്ത്രം. അത്തരക്കാർക്കു ചുറ്റും നിന്നാണ് ഡൽഹിയിൽ സമരത്തിനിറങ്ങിയ കുട്ടികൾ കൂക്കിവിളിച്ചു സ്ഥലംവിടാൻ പറഞ്ഞത്.
ഗോദി മീഡിയ ചെയ്തത് പൊതുബോധത്തെ അട്ടിമറിക്കുകയാണ്. ഗോവധ നിരോധന നിയമവും മതപരിവർത്തന നിരോധന നിയമവും ബുൾഡോസർരാജുമൊക്കെ ന്യൂനപക്ഷങ്ങളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തപ്പോൾ ഉത്തരേന്ത്യയിലെ മേൽപ്പറഞ്ഞ മാധ്യമങ്ങൾ സർക്കാർ കീർത്തനങ്ങളാലപിക്കുകയായിരുന്നു. സിഎഎ (പൗരത്വ ഭേദഗതി നിയമം), എഫ്സിആർഎ, വോട്ടർപട്ടികയിലെ തിരിമറി, ഡൽഹിയിലെ വിദ്യാർഥിസമരം... എല്ലാറ്റിനും അവരുടേതായ മറ്റൊരു ഭാഷ്യമുണ്ടായിരുന്നു.
സത്യത്തിൽ, ഈ അപകടം പൂർണ അർഥത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിലും ജെൻസിക്ക് അതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടിലേറെ നീണ്ട മസ്തിഷ്കപ്രക്ഷാളന ശ്രമത്തിനൊടുവിലും ജനാധിപത്യ ഇന്ത്യ കീഴടങ്ങിയിട്ടില്ലെന്ന് ഗോദി മീഡിയയുടെ ചെവിയിലേക്കു കൊച്ചുകുട്ടികൾ പറഞ്ഞുകൊടുക്കുന്നത് എത്ര ആനന്ദകരമായ കാഴ്ചയാണ്. പക്ഷേ, ജനാധിപത്യ-മതേതര ഇന്ത്യ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
Tags : DEEPIKA EDITORIAL Deepika DeepikaNewspaper InDepth