പ്രതീകാത്മക ചിത്രം.
2030-ാടെ ആരോഗ്യരംഗത്ത് 'എഐ' വിപ്ലവം സംഭവിക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. നിർമിതബുദ്ധി (എഐ) ഉപയോഗത്തിൽ വലിയ ആശങ്കകളും സംശയങ്ങളും നിലനിൽക്കുമ്പോഴും യുകെയിലെ ആരോഗ്യവിദഗ്ധർ വെളിപ്പെടുത്തുന്നതു പത്തു വർഷത്തിനുള്ളിൽ മെഡിക്കൽ രംഗത്തു വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ്. ഇപ്പോൾ കാണുന്നതെല്ലാം വെറും തുടക്കം മാത്രമാണെന്നും ബ്രിട്ടീഷ് ഗവേഷകർ അഭിപ്രായപ്പെടുന്നു.
കാൻസർ ചികിത്സാമേഖലയിലെ മുന്നേറ്റങ്ങളെ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവിദഗ്ധർ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താനും ചികിത്സ നിശ്ചയിക്കാനും എഐ നിർണായക പങ്കുവഹിക്കും. രോഗികളുടെ സ്കാൻ പരിശോധനകൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താൻ കഴിയുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സ്കാനുകളിലെ സൂക്ഷ്മമായ അസാധാരണത്വങ്ങൾ തിരിച്ചറിയുന്നതിലൂടെ, നേരത്തെ ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന ലക്ഷണങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ നിർമിതബുദ്ധിയുടെ സഹായം തേടാമെന്ന് യുകെ ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
എഐ നടത്തുന്ന സ്കാൻ വിശകലനങ്ങൾക്കുശേഷം, റേഡിയോളജി വിഭാഗം തുടർപരിശോധന ആവശ്യമാണോ എന്നു വിലയിരുത്തും. ശ്വാസകോശ അർബുദ സാധ്യത നേരത്തേ പരിശോധിക്കാനും അടിയന്തരമായി നടത്തേണ്ട സ്കാനുകൾക്കും ചികിത്സയ്ക്കും മുൻഗണന നൽകാൻ ഇതു സഹായകമാകും.
ഒറ്റ ആശുപത്രി സന്ദർശനത്തിൽത്തന്നെ രോഗാവസ്ഥയിലുള്ള വ്യക്തിക്ക് എക്സ്-റേയും സിടി സ്കാനും വേഗത്തിൽ പൂർത്തിയാക്കി റേഡിയോഗ്രഫറുടെ റിപ്പോർട്ട് തേടാൻ കഴിയും. ദിവസങ്ങൾ വേണ്ടിവരുന്ന പരിശോധനകളാണു നിർമിതബുദ്ധിയുടെ സഹായത്തോടെ ഡോക്ടർമാർ വേഗത്തിൽ പൂർത്തിയാക്കുക. അന്തിമ തീരുമാനമെടുക്കാൻ എഐ ഡോക്ടറെ സഹായിക്കുമെങ്കിലും, മനുഷ്യന്റെ വൈദഗ്ധ്യത്തിന് അതൊന്നും പകരമാകില്ലെന്നും അതോടൊപ്പം ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
100 വർഷത്തെ മുന്നേറ്റം 5 വർഷംകൊണ്ട്
കാൻസർ ഉൾപ്പെടെയുള്ള മിക്ക രോഗങ്ങൾക്കും അഞ്ചു മുതൽ പതിനഞ്ചു വർഷത്തിനുള്ളിൽ നിർമിത ബുദ്ധിയിലൂടെ ചികിത്സ കണ്ടെത്താനാകുമത്രെ! ഡാറ്റ വിശകലനം ചെയ്യുന്നതിനപ്പുറം, ജൈവശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും എഐക്കു സാധിക്കും. വരുന്ന അമ്പതു മുതൽ നൂറു വർഷം കൊണ്ട് സംഭവിക്കാവുന്ന വൈദ്യശാസ്ത്ര മുന്നേറ്റങ്ങൾ അഞ്ചു മുതൽ പത്തു വർഷത്തിനുള്ളിൽ സാധ്യമാക്കാൻ നിർമിതബുദ്ധിക്കു കഴിയും.
വരുംനാളുകളിൽ ആരോഗ്യരംഗത്തു വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ എഐ നിർണായക പങ്കുവഹിക്കുമെന്ന് ഗൂഗിൾ ഡീപ്മൈൻഡ് മേധാവികൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഗുരുതര രോഗങ്ങൾ ഭേദമാക്കാനും കൂടുതൽ ആരോഗ്യകരമായ ജീവിതം സാധ്യമാക്കാനും എഐ വഴിതുറക്കും. 2030-ഓടെ ആരോഗ്യരംഗത്ത് എഐ വിപ്ലവംതന്നെ സംഭവിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്.
Tags : CancerTreatment AIinHealthcare LungCancerDetection MedicalScience International