മാലെ: മാലദ്വീപിൽ സമുദ്രാന്തർഭാഗത്തെ ഗുഹയില്‍ ഗവേഷണം നടത്തുന്നതിനിടെ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞരും മുങ്ങല്‍ വിദഗ്ധരുമായ അഞ്ച് ഇറ്റാലിയന്‍ പൗരന്മാർക്ക് ദാരുണാന്ത്യം.
ജനോവ സർവകലാശാലയിലെ സമുദ്ര-പരിസ്ഥിതി ശാസ്ത്രജ്ഞയും പ്രഫസറുമായ ഡോ. മോനിക്ക മോണ്ടെഫാൽക്കോൺ (51), മകളും ഗവേഷകവിദ്യാർഥിനിയുമായ ജോർജിയ സോമാക്കൽ (22), സംഘത്തിലെ മറ്റു ഗവേഷകരായ ഫെഡറിക്കോ ഗ്വാള്‍ട്ടിയേരി (31), മുറിയല്‍ ഒഡെനിനോ (31), ജിയാന്‍ലൂക്ക ബെനെദത്തി (44) എന്നിവരാണു മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
വാവു അറ്റോളിലെ 50 മീറ്റര്‍ ആഴത്തിലുള്ള സമുദ്രാന്തർ ഭാഗത്തെ ഗുഹയിലായിരുന്നു ഇവർ ഗവേഷണം നടത്തിയത്. നിശ്ചിത സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ഇവരെത്തിയ ഡ്യൂക്ക് ഓഫ് യോർക്ക് എന്ന ആഡംബര നൗകയിലെ ജീവനക്കാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് മാലദ്വീപ് കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിനൊടുവിൽ സമുദ്രത്തിനടിയിലെ ഗുഹയ്ക്കുള്ളിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തി. ജിയാന്‍ലൂക്ക ബെനെദെത്തിയുടെ മൃതദേഹമാണു കണ്ടെടുത്തത്. മറ്റു നാല് മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്.
മോശം കാലാവസ്ഥയെത്തുടര്‍ന്ന് കൃത്യമായ കാഴ്ച മറഞ്ഞതോ നേരായ പാത നഷ്ടപ്പെട്ടതോ ഓക്സിജനിലെ വിഷാംശമോ ആകാം അപകടകാരണമെന്നാണ് വിദഗ്ധര്‍ നല്കുന്ന സൂചന.
അതേസമയം, ഇന്നലെ നടന്ന രക്ഷാപ്രവർത്തനത്തിനിടെ മാലദ്വീപ് പ്രതിരോധസേനയിലെ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുഹമ്മദ് മഹുദീ എന്നയാളാണു മരിച്ചത്. രക്ഷാപ്രവർത്തനത്തിനായി ഇറ്റലിയിൽനിന്നു വിദഗ്ധസംഘം പുറപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
Tags : Maldives Italian scientists starvation