കെന്റക്കിയിലെ ഫുഗേറ്റ് കുടുംബം.
യുഎസിലെ കിഴക്കൻ കെന്റക്കിയിലെ 'നീല മനുഷ്യ'രുടെ കഥ കാലം മായ്ക്കുന്നതല്ല. ചർമം നീലനിറമാകുന്ന പ്രത്യേക രോഗാവസ്ഥയാണ് ആ കുടുംബത്തെ ബാധിച്ചത്. 1960-ൽ ആണ് അവരുടെ രോഗാവസ്ഥ ലോകമറിയുന്നത്. വൈദ്യശാസ്ത്രത്തിന് അദ്ഭുതമായിരുന്നു ആ കണ്ടെത്തൽ. അമേരിക്കയിലെ 'നീല മനുഷ്യ'രുടെ കഥ പതിറ്റാണ്ടുകൾക്കുശേഷം ഇന്ത്യയിൽ ചർച്ചയാകുകയാണ്.
രക്തബന്ധമുള്ളവർ തമ്മിൽ വിവാഹം കഴിക്കുന്നതു നിയന്ത്രിക്കാനുള്ള നിയമസാധ്യത പരിശോധിക്കാൻ പരമോന്നത നീതിപീഠം കേന്ദ്രസർക്കാരിനോടു നിർദേശിച്ചതിനുപിന്നാലെയാണു വൈദ്യശാസ്ത്രരംഗത്തെ സംഭവങ്ങൾ ചർച്ചയാകുന്നത്. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങളിലൂടെ അപൂർവ ജനിതകരോഗം ബാധിച്ച കിഴക്കൻ കെന്റക്കി മലനിരകളിൽ വസിച്ചിരുന്ന ഫുഗേറ്റ് കുടുംബത്തിലെ 'നീല മനുഷ്യ'രെ ശാസ്ത്രീയ ഉദാഹരണമായി വീണ്ടും മുന്നോട്ടുവയ്ക്കുകയാണിവിടെ.

1820-ൽ മാർട്ടിൻ ഫുഗേറ്റ് എന്ന ഫ്രഞ്ച് കുടിയേറ്റക്കാരൻ യുഎസിൽ എത്തിയതോടെയാണു കുടുംബചരിത്രം ആരംഭിക്കുന്നത്. അദ്ദേഹം എലിസബത്ത് സ്മിത്ത് എന്ന അമേരിക്കൻ യുവതിയെ വിവാഹം കഴിക്കുകയും ഇരുവർക്കും ഏഴു കുട്ടികൾ ജനിക്കുകയും ചെയ്തു. എന്നാൽ ജനിച്ച കുട്ടികളിൽ നാലുപേർക്കു നീലനിറമുള്ള ചർമമായിരുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ സാധാരണ ജീവിതം നയിച്ചെങ്കിലും ഇവരുടെ ചർമത്തിന്റെ നീല നിറം നിലനിന്നു.
അങ്ങേയറ്റം ഒറ്റപ്പെട്ട മലയോരമേഖലയായ ട്രബിൾസം ക്രീക്ക് പ്രദേശത്തു താമസിച്ചിരുന്നതിനാൽ പുറത്തുനിന്നുള്ള ആളുകളുമായി വിവാഹബന്ധത്തിലേർപ്പെടുന്നതു പ്രയാസകരമായിരുന്നു. ഇതോടെ ചുരുക്കം ചില കുടുംബങ്ങൾക്കുള്ളിൽ തന്നെ വിവാഹങ്ങൾ നടക്കുകയും, കൂടുതൽ തലമുറകളിലേക്കു ജനിതക സവിശേഷത കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇവരാണ് 'കെന്റക്കിയിലെ നീല മനുഷ്യർ'.
മെത്തമോഗ്ലോബിനീമിയ
1960-ൽ റേച്ചൽ, പാട്രിക് റിച്ചി എന്നീ നീല ചർമമുള്ള സഹോദരങ്ങളെ പരിശോധിച്ചതോടെയാണു രോഗാവസ്ഥ ലോകശ്രദ്ധയാകർഷിക്കുന്നത്. ഹെമറ്റോളജിസ്റ്റ് ഡോ. മാഡിസൺ കാവിനും നഴ്സ് റൂത്ത് പെൻഡർഗ്രാസുമാണ് ഇവരെ പരിശോധിച്ചത്. ശരീരത്തിൽ ഓക്സിജൻ എത്തുന്നതിനെ ബാധിക്കുന്ന അപൂർവ രോഗമായ 'മെത്തമോഗ്ലോബിനീമിയ' ആണ് ഈ അവസ്ഥയ്ക്കു പിന്നിലെ കാരണമെന്ന് അവർ കണ്ടെത്തി.
സാധാരണ വ്യക്തികളുടെ രക്തത്തിൽ മെത്ഹീമോഗ്ലോബിന്റെ അളവ് ഒരു ശതമാനത്തിൽ താഴെയായിരിക്കുമ്പോൾ, കെന്റക്കിയിലെ 'നീല മനുഷ്യ'രുടെ രക്തത്തിൽ ഇതു പത്തു മുതൽ ഇരുപതു ശതമാനം വരെയായിരുന്നു. എന്നാൽ ഔഷധങ്ങൾ വഴി നിയന്ത്രിക്കാനാകുമെന്ന് ഡോ. കാവിൻ കണ്ടെത്തുകയും ചെയ്തു. കാലക്രമേണ ഈ വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം കുറഞ്ഞു. 1975-ലാണ് അവസാന സംഭവം റിപ്പോർട്ട് ചെയ്തത്.
ബംഗളൂരുവിലെ നിയമവിദ്യാർഥി
പതിറ്റാണ്ടുകൾക്കുശേഷവും ജനിതകപാഠം പ്രസക്തമാകുന്നത്, ബംഗളൂരുവിലെ നിയമവിദ്യാർഥി സമർപ്പിച്ച ഹർജിയുടെ പശ്ചാത്തലത്തിലാണ്. മുൻകൂട്ടി കാണാവുന്നതും ഒഴിവാക്കാവുന്നതുമായ ജനിതക അപകടങ്ങളിലേക്കു ആചാരത്തിന്റെ പേരിൽ വ്യക്തികളെ തള്ളിവിടുന്ന രീതി നിയമം തുടർന്നും അനുവദിക്കണോ എന്ന് സുപ്രീംകോടതി പരിശോധിക്കണമെന്നാണു ഹർജിയിലെ ആവശ്യം.
രക്തബന്ധമുള്ളവർക്കിടയിലെ വിവാഹം ഹോമോസൈഗോസിറ്റി ഗണ്യമായി വർധിപ്പിക്കുമെന്നും, റിസസീവ് ജനിതക അവസ്ഥകൾ, ജന്മനായുള്ള വൈകല്യങ്ങൾ, ഇന്ദ്രിയ വൈകല്യങ്ങൾ, ശിശുമരണങ്ങൾ എന്നിവയ്ക്കുള്ള സാധ്യത ഉയർത്തുമെന്നും സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നതായി ഹർജിയിൽ പറയുന്നു.
Tags : BluePeopleofKentucky BlueFugates Methemoglobinemia ConsanguineousMarriage India GeneticDisorders