ഓസ്ലോ: യൂറോപ്പ് സന്ദർശനത്തിനിടെ നോർവേയിൽവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യം ചോദിച്ചതിലൂടെ ശ്രദ്ധ നേടിയ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ല ലിങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. അക്കൗണ്ടുകൾ റദ്ദാക്കിയതിന് പിന്നിലെ കൃത്യമായ കാരണം മെറ്റ വ്യക്തമാക്കിയിട്ടില്ല.
ഒസ്ലോ ആസ്ഥാനമായുള്ള 'ദാഗ്സാവിസെൻ' എന്ന പത്രത്തിലെ മാധ്യമപ്രവര്‍ത്തകയാണ് ഹെല്ല. അക്കൗണ്ടുകൾ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് "പത്രസ്വാതന്ത്ര്യത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രമാണിത്, എന്നാൽ ഇതിന് മുമ്പ്ഒരിക്കലും തനിക്ക് ഇത്തരം ഒരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. തന്റെ അക്കൗണ്ടുകൾ മെറ്റ ഉടൻ തന്നെ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹെല്ല കുറിച്ചു.
Throughout all day I have struggled to log onto my Instagram account. Now I have been suspended. It is a small prize to pay for press freedom, but I’ve never experienced it before. pic.twitter.com/XCitS65Rlg
— Helle Lyng (@HelleLyngSvends) May 19, 2026
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നോർവേ പ്രധാനമന്ത്രി ജൊനാസ് ഗാറും പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് വിവാദങ്ങൾക്ക് തുടക്കമായത്. ‘പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് താങ്കൾക്ക് മറുപടി പറഞ്ഞുകൂടെ?’ എന്നായിരുന്നു ഹെല്ലയുടെ ചോദ്യം.
എന്നാൽ ചോദ്യം അവഗണിച്ച് മോദി നടന്നുനീങ്ങി. മോദി കയറിയ ലിഫ്റ്റിനു സമീപവും ചോദ്യവുമായി ഹെല്ല എത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഇതിന്റെ വിഡിയോ അവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായിരുന്നു. പിന്നാലെ ഹെല്ലക്കെതിരേ കടുത്ത സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു.
അതേസമയം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഹെല്ലയെ ഔദ്യോഗിക വാർത്താസമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യയുടെ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഹെല്ലയുടെ ചോദ്യങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ് മറുപടിയും നൽകി.
Tags : Norwegian journalist modi