സെന്റ് പീറ്റേഴ്സ്ബർഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അതീവസങ്കീർണമാണെന്നും വിഷയത്തിൽ മൂന്നാമതൊരു രാജ്യമെന്ന നിലയിൽ ഇടപെടാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡന്റ് വ്ളാദിമിർ പുടിൻ.
അതിർത്തിതർക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ചേർന്ന് സൗഹാർദപരമായി പരിഹരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പുടിൻ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വാർത്താ ഏജൻസി മേധാവികളുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുമായും ചൈനയുമായുള്ള റഷ്യയുടെ ബന്ധം തികച്ചും സ്വതന്ത്രമാണ്.
ഇരു രാജ്യങ്ങളിലെയും നേതൃത്വം വളരെ ഉത്തരവാദിത്വമുള്ളവരാണ്. ഇരു രാജ്യങ്ങളുടെയും ദേശീയ താൽപര്യങ്ങളെ ബഹുമാനിക്കുന്ന നേതാക്കളാണ് മോദിയും ഷിയും. ഭാവി മുൻകൂട്ടി കാണാൻ കഴിയുന്ന ഇത്തരം നേതാക്കളുള്ളിടത്തോളം കാലം ഏത് പ്രശ്നവും പരിഹരിക്കാൻ കഴിയുമെന്നും പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യ-ചൈന തർക്കങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും. റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ ചേർന്നുള്ള ത്രികക്ഷി സഖ്യമാണ് പിന്നീട് വിപുലീകരിച്ച് ബ്രിക്സ് സഖ്യമായി മാറിയത് -പുടിൻ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കം സംബന്ധിച്ചുള്ള ചോദ്യത്തിന്, ഈ വിഷയത്തിൽ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നായിരുന്നു പുടിന്റെ മറുപടി.
എന്നാൽ, പാക്കിസ്ഥാൻ പൂർണമായി ചൈനയുടെ നിയന്ത്രണത്തിലാണെന്നു വാദത്തോട് അദ്ദേഹം യോജിച്ചില്ല. ചൈനയുമായി പാക്കിസ്ഥാന് പ്രതിരോധ-സാമ്പത്തിക ബന്ധമുണ്ടെങ്കിലും റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളുമായി അവർ സഹകരിക്കുന്നുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു.
Tags : India-China relations complicated Putin No mediation