വാഷിംഗ്ടൺ ഡി.സി: യുഎസ് പാർലമെന്റിന്റെ (കോൺഗ്രസ്) മുൻകൂർ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നടപടികൾ തുടരുന്നതിൽ നിന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിലക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി. ഇറാനുമായുള്ള സംഘർഷം അഞ്ചാം ദിവസവും തുടരുന്നതിനിടെ ബുധനാഴ്ച നടന്ന വോട്ടെടുപ്പിലാണ് ട്രംപിന് അനുകൂലമായ നിലപാട് സെനറ്റ് സ്വീകരിച്ചത്.
ഡെമോക്രാറ്റിക് സെനറ്റർ ടിം കെയ്ൻ, റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ എന്നിവർ സംയുക്തമായാണ് ഈ പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇവർ വാദിച്ചു. റിപ്പബ്ലിക്കൻ പാർട്ടി ട്രംപിന് പിന്തുണയുമായെത്തി.
"ജോലി പൂർത്തിയാക്കാൻ പ്രസിഡന്റിനെ അനുവദിക്കണം" എന്നായിരുന്നു റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പ്രതികരണം. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് റാൻഡ് പോൾ മാത്രമാണ് പ്രമേയത്തെ പിന്തുണച്ചത്. ഡെമോക്രാറ്റിക് പക്ഷത്തുനിന്ന് സെനറ്റർ ജോൺ ഫെറ്റർമാൻ ട്രംപിന്റെ സൈനിക നീക്കത്തെ അനുകൂലിച്ച് പ്രമേയത്തിനെതിരെ വോട്ട് ചെയ്തു.
ഇറാന്റെ ഭാഗത്തുനിന്ന് ഇസ്രയേലിനും അമേരിക്കൻ സൈനികർക്കും നേരെ നേരിട്ടുള്ള ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ വാദിച്ചു. രാജ്യത്തെയും സഖ്യകക്ഷികളെയും സംരക്ഷിക്കാൻ പ്രസിഡന്റിന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് ട്രംപ് അനുകൂലികൾ വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതികൾ തകർക്കേണ്ടത് മേഖലയുടെ സമാധാനത്തിന് അനിവാര്യമാണെന്ന വാദത്തിന് സെനറ്റിൽ വലിയ പിന്തുണ ലഭിച്ചു.
സെനറ്റ് പ്രമേയം തള്ളിയതോടെ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന പേരിൽ ഇറാനിൽ നടത്തുന്ന സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാക്കാൻ ട്രംപിന് സാധിക്കും. വ്യാഴാഴ്ച ജനപ്രതിനിധി സഭയിലും സമാനമായ പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും സ്പീക്കർ മൈക്ക് ജോൺസന്റെ നിലപാട് ട്രംപിന് അനുകൂലമാകാനാണ് സാധ്യത.