ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദേശം ഇറാൻ തള്ളി. യുദ്ധത്തിൽ നേരിട്ട തിരിച്ചടികൾ മറികടക്കാനാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ഇറാൻ അറിയിച്ചു.
അടുത്തിടെ കുവൈറ്റിലെ ബുബിയാൻ ദ്വീപിലുള്ള അമേരിക്കൻ സൈനിക ഡിപ്പോയ്ക്കു നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നയതന്ത്ര ശ്രമങ്ങൾ യുഎസ് ശക്തമാക്കിയത്. വെടിനിർത്താൻ ഇറാൻ ആവശ്യപ്പെട്ടുവെന്നു ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, ഇറാൻ വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ അവകാശവാദം തള്ളിയിരുന്നു. വെടിനിർത്തലിനായി പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥതയ്ക്കു ശ്രമിക്കുന്നുണ്ട്. അമേരിക്കയുടെ ഡിമാൻഡുകൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാൻ.
നിലവിൽ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയുമാണ് ഇരു രാജ്യങ്ങളുടെയും പ്രധാന തർക്കവിഷയം. ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നുനൽകിയാൽ വെടിനിർത്തൽ പരിഗണിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇറാന്റെ നിലപാട്.
Tags : ceasefire iran reject donald trump