ദുബായ്: ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ശക്തമായ ആക്രമണങ്ങളിൽ ലെബനനിൽ കോടികളുടെ നാശം സംഭവിച്ചതായി റിപ്പോർട്ട്. തെക്കൻ ലെബനനിലെ കെട്ടിടങ്ങൾക്കു മാത്രം ഏകദേശം 138 കോടി ഡോളറിന്റെ നാശമുണ്ടായതായി യുഎൻ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമും (യുഎൻഡിപി) ലെബനൻ സർക്കാരിന്റെ കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ സയന്റഫിക് റിസർച്ചും (സിഎൻആർഎസ്) സംയുക്തമായി പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് കോടികളുടെ നഷ്ടങ്ങളെക്കുറിച്ച് വിവരിക്കുന്നത്.
ഏപ്രിലിൽ വരെയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. തെക്കൻ ലെബനനിൽ ആകെ 11,095 കെട്ടിടങ്ങൾ പൂർണമായും നശിച്ചു. 17,891 പാർപ്പിടസമുച്ചയങ്ങളെ നേരിട്ട് ബാധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ 2,242 കെട്ടിടങ്ങൾക്കു ഭാഗികമായ നാശവും 9,311 കെട്ടിടങ്ങൾക്കു ചെറിയ രീതിയിലുള്ള കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന രൂക്ഷമായ ആക്രമണങ്ങളുടെ നഷ്ടങ്ങൾ കണക്കിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ യഥാർഥ നഷ്ടം ഇതിലും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ.
യുഎസ്-ഇറാൻ സമാധാന ചർച്ചകളെത്തുടർന്ന് താത്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ തങ്ങളുടെ തകർന്ന വീടുകളിലേക്കു നിരവധി ആളുകൾ തിരിച്ചെത്താൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ അതിർത്തി ഗ്രാമങ്ങളിലേക്കുള്ള മടക്കം തത്കാലം ഒഴിവാക്കണമെന്ന് ലെബനൻ സൈന്യം ജനങ്ങൾക്കു മുന്നറിയിപ്പുനൽകിയിട്ടുണ്ട്.
മാർച്ച് മുതൽ ആരംഭിച്ച ഇസ്രയേൽ ആക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ 4,100-ലേറെ ആളുകൾ കൊല്ലപ്പെടുകയും പത്തു ലക്ഷത്തിലധികം പേർക്കു വീടുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് ലെബനൻ ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Tags : Israel-Lebanon War US-Iran war south Lebanon Hezbollah