കോട്ടയം: കുമരകം കള്ളുഷാപ്പിൽ നിന്നു ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയുണ്ടായി മരിച്ച യുവാവിന്‍റെ ആന്തരികാവയവങ്ങളുടെ സാംപിളുകൾ നടപടിക്രമങ്ങൾ അനുസരിച്ച് പോലീസ് വിശദമായ പരിശോധനയ്ക്ക് പതോളജി ലാബിലേക്ക് അയയ്ക്കും.
കുമരകം സ്വദേശി ജ്യോതിഷാണ് (41) കഴിഞ്ഞ ദിവസം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അയ്മനം പരിപ്പ് തൊള്ളായിരംചിറയിലെ കള്ളുഷാപ്പിൽ നിന്നാണ് ജ്യോതിഷും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചത്. തുടർന്നാണ് ശാരീരികാസ്വസ്ഥത ഉണ്ടാകുകയും മരണം സംഭവിച്ചതും.
ജ്യോതിഷിന് അണുബാധയുണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമെന്നാണ് പോലീസ് നൽകുന്ന സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ പൂർണ രൂപം ലഭിക്കാനുണ്ട്. സംഭവം സംബന്ധിച്ച് ഷാപ്പ് ഉടമകളുടെ വിശദമായ മൊഴിയും പോലീസെടുക്കും. അതേസമയം, ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച സാംപിളുകളും അവർ വിശദമായി പരിശോധിക്കുന്നുണ്ട്.
Tags : Food poisoning toddy shop