കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് ഏറ്റവും കൂടുതല്‍ തവണ കീഴടക്കിയ തന്റെതന്നെ ലോക റിക്കാര്‍ഡ് തിരുത്തി നേപ്പാളിന്റെ ഇതിഹാസ പര്വതാരോഹകന് കാമി റിത ഷെര്‍പ്പ.
ഇന്നലെ രാവിലെ 10.12നാ ണ് 56 കാരനായ കാമി റിത 32-ാം തവണയും 8,849 മീറ്റർ (29,032 അടി) ഉയരമുള്ള എവറസ്റ്റിന്റെ നെറുകയിലെത്തിയത്. ‘14 പീക്സ് എക്സ്പെഡിഷന്' എന്ന പര്‍വതാരോഹക സംഘത്തെ നയിച്ചാണ് അദ്ദേഹം ഇത്തവണ എവറസ്റ്റ് കീഴടക്കിയത്.
നേപ്പാളിന്റെ പര്‍വതാരോഹക മേഖലയ്ക്കും രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ സംഭാവനയാണു കാമി റിത നല്‍കിയിരിക്കുന്നതെന്ന് നേപ്പാൾ ടൂറിസം വകുപ്പ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
1970 ജനുവരിയില്‍ കോസി പ്രവിശ്യയിലെ സോളുഖുംബു ജില്ലയിൽപ്പെട്ട താമെ ഗ്രാമത്തില്‍ ജനിച്ച കാമി റിത 1992ലാണ് പ്രഫഷണല്‍ പര്‍വതാരോഹകനായി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 1994 മേയ് 13നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ എവറസ്റ്റ് ദൗത്യം. തുടർന്നിങ്ങോട്ട് 2014, 2015, 2020 വർഷങ്ങളിലൊഴികെ എല്ലാ വർഷവും എവറസ്റ്റ് കീഴടക്കി. കഴിഞ്ഞവര്‍ഷം മേയ് 27നാണ് അദ്ദേഹം തന്റെ 31-ാമത് എവറസ്റ്റ് കയറ്റം പൂര്‍ത്തിയാക്കിയത്.
ഇന്നലെ എവറസ്റ്റ് കൊടുമുടിയില്‍ മറ്റൊരു ചരിത്രനേട്ടംകൂടി കുറിക്കപ്പെട്ടു. "പര്‍വത രാജ്ഞി' എന്നറിയപ്പെടുന്ന നേപ്പാളി വനിത ലക്പ ഷെര്‍പ്പ (52) വീണ്ടും എവറസ്റ്റ് കീഴടക്കി. ഇന്നലെ രാവിലെ 9.30ഓടെ എവറസ്റ്റിന്റെ മുകളിലെത്തിയ അവര്‍ 11-ാം തവണയും വിജയകരമായി കൊടുമുടി കീഴടക്കി തന്റെ പേരിലുള്ള ലോക റിക്കാര്‍ഡ് പുതുക്കുകയായിരുന്നു. ഈ വർഷം മാർച്ച്, മേയ് മാസങ്ങൾക്കിടയിൽ എവറസ്റ്റ് കൊടുമുടി കയറാൻ 492 പേർക്കാണ് അനുമതി നൽകിയിരിക്കുന്നത്. എവറസ്റ്റിലേക്കുള്ള യാത്രാമധ്യേ ഈ മാസം മൂന്നിന് നേപ്പാളി പർവതാരോഹകർ മരിച്ചിരുന്നു.
ഇതിനോടകം എവറസ്റ്റ് കീഴടക്കിയത് 8,000 പേർ
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യവ്യക്തികൾ ന്യൂസിലൻഡിൽനിന്നുള്ള എഡ്മണ്ട് ഹിലാരിയും നേപ്പാളിൽനിന്നുള്ള ഷെർപ്പ ടെൻസിംഗ് നോർഗെയുമാണ്. 1953 മേയ് 29നാണ് ഇവർ ഈ ചരിത്രനേട്ടം കൈവരിച്ചത്. ഇതിനോടകം 8000ത്തോളം പേർ എവറസ്റ്റ് കൊടുമുടി കീഴക്കിയിട്ടുണ്ട്.
ഇതിൽ പലരും പലകുറി പർവതത്തിനു മുകളിലെത്തിയിട്ടുമുണ്ട്.ഹിമാലയ പർവതനിരകളിൽ ജീവിക്കുന്ന നേപ്പാളിലെ ഒരു തദ്ദേശീയ ജനവിഭാഗമാണ് ഷെർപ്പകൾ. ഉയർന്ന പ്രദേശങ്ങളിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ഇവരുടെ അസാധാരണമായ കഴിവും പർവതാരോഹണത്തിലെ അപാരമായ ധൈര്യവും ഇവരെ ലോകപ്രശസ്തരാക്കി.
വിദേശങ്ങളിൽനിന്ന് എത്തുന്ന പർവതാരോഹകരെ വഴി കാണിക്കുന്നതും നയിക്കുന്നതും സഹായിക്കുന്നതും ഷെർപ്പകളാണ്.ഷെർപ്പ ഇതര വിഭാഗത്തിൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയത് ബ്രിട്ടീഷ് ഗൗഡ് കെന്റൺ കൂളാണ് - 19 തവണ. തൊട്ടടുത്ത് അമേരിക്കൻ പർവതാരോഹകരായ ദാവെ ഹാൻ, ഗാരെറ്റ് മാഡിസൻ എന്നിവരാണ്. ഇരുവരും 15 തവണ വീതം കൊടുമുടിയുടെ നെറുകെയിലെത്തി.
Tags : Kami Rita Sherpa breaks record