ഗോമ: കിഴക്കൻ കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിലുണ്ടായ സംഘർഷത്തിൽ 413 നാട്ടുകാർ കൊല്ലപ്പെട്ടു. റുവാണ്ടയുടെ പിന്തുണയുള്ള എം23 സായുധ ഗ്രൂപ്പാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞയാഴ്ച വാഷിംഗ്ടൺ ഡിസിയിൽ അമേരിക്കൻ മധ്യസ്ഥതയിൽ കോംഗോ, റുവാണ്ടൻ പ്രസിഡന്റുമാർ സമാധാന കരാർ ഒപ്പുവച്ചിരുന്നു. അതേസമയം, സമാധാന കരാറിൽ എം23 വിമതർ ഉൾപ്പെട്ടിരുന്നില്ല. ഈ വർഷം ആദ്യം കോംഗോയും എം23 വിമതരും പ്രത്യേക ചർച്ച നടത്തി വെടിനിർത്തൽ കരാറുണ്ടാക്കിയെങ്കിലും പലവട്ടം ലംഘിക്കപ്പെട്ടു.
വെടിവയ്പിലും ഗ്രനേഡ്, ബോംബ് ആക്രമണങ്ങളിലുമാണ് 413 പേർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒട്ടേറെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. കിഴക്കൻ കോംഗോയിലെ തന്ത്രപ്രധാനമായ ഉവിര നഗരം എം23 സംഘം ബുധനാഴ്ച വൈകുന്നേരം പിടിച്ചെടുത്തു. ബുറുണ്ടിയിലെ ഏറ്റവും വലിയ നഗരമായ ബുജുംബുറയ്ക്കു സമീപമാണ് ഉവിര സ്ഥിതി ചെയ്യുന്നത്.
6,500 പോരാളികളാണ് എം23 സംഘത്തിലുള്ളതെന്നാണു യുഎൻ കണക്കാക്കുന്നത്. എം23 വിമതർക്കു പിന്തുണ നല്കുന്ന റുവാണ്ടയാണെന്ന് കോംഗോയും അമേരിക്കയും യുഎന്നും കുറ്റപ്പെടുത്തുന്നു. എന്നാൽ, റുവാണ്ട ഇതു നിഷേധിക്കുന്നു. എന്നാൽ, കിഴക്കൻ കോംഗോയിൽ തങ്ങളുടെ സൈനികരുണ്ടെന്ന് കഴിഞ്ഞ വർഷം റുവാണ്ട സമ്മതിച്ചിരുന്നു. 4000 റവാണ്ടൻ സൈനികർ കോംഗോയിലുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്.
Tags : M23 rebels eastern Congo 413 locals killed attack