വത്തിക്കാന്‍ സിറ്റി: സഭാധ്യക്ഷനെന്ന നിലയില്‍ ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാകില്ലെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക യാത്ര പൂര്‍ത്തിയാക്കി ഇക്വറ്റോറിയൽ ഗിനിയയിലെ മലാബയില്നിന്നു റോമിലേക്കു വിമാനത്തില്‍ മടങ്ങവേ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപതു മാധ്യമപ്രവര്‍ത്തകരായിരുന്നു മാര്പാപ്പയ്ക്കൊപ്പമുണ്ടായിരുന്നത്.
ആഫ്രിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു മാര്‍പാപ്പ ആദ്യം സംസാരിച്ചത്. പശ്ചിമേഷ്യന്‍ യുദ്ധം, കുടിയേറ്റം, വധശിക്ഷ തുടങ്ങിയവയെക്കുറിച്ചു മാര്‍പാപ്പ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു. ഒരു സഭാധ്യക്ഷനെന്ന നിലയില്‍ താന്‍ ഒരിക്കലും യുദ്ധത്തെ അനുകൂലിക്കില്ലെന്നു മാര്‍പാപ്പ പറഞ്ഞു.
കുടിയേറ്റമെന്നത് വളരെ സങ്കീര്‍ണവും ഒട്ടേറെ രാജ്യങ്ങളെ ബാധിക്കുന്നതുമായ വിഷയമാണ്. ഇതു യൂറോപ്പിനെയോ അമേരിക്കയോ മാത്രമല്ല ബാധിക്കുക. ഇത് ഒരു ആഗോള പ്രതിഭാസമാണ്.
ഓരോ രാജ്യത്തിനും അതിന്റെ അതിർത്തികൾ സംരക്ഷിക്കാൻ ചുമതലയുണ്ട്. എന്നാൽ, അഭയാർഥികളുടെ മാന്യതയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുകയും വേണം-മാര്‍പാപ്പ പറഞ്ഞു.
അടുത്ത യാത്രകളെക്കുറിച്ചുള്ള ചോദ്യത്തിന്, ലാറ്റിന്‍ അമേരിക്കയിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നുമായിരുന്നു മാര്‍പാപ്പയുടെ മറുപടി. സ്പെയിന് ആണ് മാര്‍പാപ്പ ഇനി സന്ദര്‍ശിക്കാനിരിക്കുന്ന രാജ്യം.
വധശിക്ഷ നീതീകരിക്കാനാകാത്തത്
ഇറാനിലും മറ്റു നടക്കുന്ന വധശിക്ഷ നീതീകരിക്കാനാകാത്തതാണെന്ന് മാർപാപ്പ പറഞ്ഞു. വധശിക്ഷയെ അപലപിക്കുന്നു. ജനങ്ങളുടെ ജീവനെടുക്കുന്നതിനെ അലപലിക്കുന്നു. മനുഷ്യജീവന് ബഹുമാനിക്കപ്പെടണം, സംരക്ഷിക്കപ്പെടണം-മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Tags : l never support war Pope says