പ്രതീകാത്മക ചിത്രം.
സിഗ്മണ്ട് ഫ്രോയിഡിനുശേഷം ലോകം കണ്ട പ്രതിഭാധനനായ സൈക്കോഅനലിസ്റ്റ്, ഴാക്ക് ലാക്കാൻ ഓർമകളെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്- നമ്മൾ കരുതുന്നതുപോലെ, കഴിഞ്ഞുപോയ സംഭവങ്ങളുടെ കൃത്യമായ റിക്കാർഡ് അല്ല ഓർമ. ഭാഷയും അബോധമനസും ചേർന്നു നിരന്തരം പുനർനിർമിക്കുന്ന ഒന്നാണ് ഓർമ.
നിങ്ങൾ വളരെ വ്യക്തമായി ഓർമയുണ്ടെന്നു കരുതുന്ന സംഭാഷണങ്ങൾ, ബാല്യകാലത്തെ സംഭവങ്ങൾ... ചിലപ്പോൾ യഥാർഥത്തിൽ നടന്നതാകണമെന്നില്ല! കാരണം, വീഡിയോ കാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പോലെയല്ല സ്മരണകളെ മനുഷ്യന്റെ മസ്തിഷ്കം സൂക്ഷിക്കുന്നത്. കംപ്യൂട്ടറിന്റെ ഹാർഡ് ഡ്രൈവിൽ നിശ്ചിത ഫോൾഡറുകളിൽ വിവരങ്ങൾ ശേഖരിക്കുന്നതുപോലെ സ്ഥിരമായ ഫയലുകളായിട്ടുമല്ല. മറിച്ച്, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ദശലക്ഷക്കണക്കിന് ന്യൂറോണുകളിലായി ചിതറിക്കിടക്കുകയാണു സ്മരണകൾ. അതുകൊണ്ടുതന്നെ, വളരെ വ്യക്തമായി ഓർമയുണ്ടെന്നു കരുതുന്ന സംഭവങ്ങൾ നടന്നതാകാൻ സാധ്യതയുണ്ടാകണമെന്നില്ല. ‘ഫോൾസ് മെമറീസ്’ എന്നാണ് ഇതിനെ മനഃശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത്.

മനഃപൂർവം പറയുന്ന നുണയല്ല
അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ 'എപിഎ ഡിക്ഷണറി ഓഫ് സൈക്കോളജി'യെ അടിസ്ഥാനമാക്കിയാൽ, ഇതിനെ ഇല്ലൂസറി മെമ്മറി, പാരമനേഷ്യ അല്ലെങ്കിൽ സ്യൂഡോമെമറി എന്നു വിശേഷിപ്പിക്കുന്നു. എന്നാൽ ഇത് മനഃപൂർവം പറയുന്ന നുണയല്ല. സ്മരണകൾ വീഡിയോ ദൃശ്യം പോലെ സൂക്ഷിക്കപ്പെടുന്നതിനു പകരം, ഓരോ തവണ ഓർമിക്കുമ്പോഴും മസ്തിഷ്കം അവയെ പുനർനിർമിക്കുന്നതാണ് ഈ പ്രതിഭാസത്തിനു കാരണം.
ഓർമകളിലെ കൃത്രിമത്വത്തെയും ദൃക്സാക്ഷി മൊഴികളിലെ പിഴവുകളെയും കുറിച്ച് നിർണായക പഠനങ്ങൾ നടത്തിയ മനഃശാസ്ത്രജ്ഞയാണ് എലിസബത്ത് ലോഫ്റ്റസ്. 1974-ൽ ജോൺ പാമറുമായി ചേർന്നു നടത്തിയ പ്രസിദ്ധമായ പഠനത്തിൽ, ഒരു കൂട്ടം ആളുകളോടു വാഹനാപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കാണിച്ച ശേഷം അവരോടു ചില ചോദ്യങ്ങൾ ചോദിച്ചു. ചോദ്യങ്ങളിലെ ഒരൊറ്റ വാക്കിൽ മാറ്റം വരുത്തിയപ്പോൾ ഓർമകളിലും മാറ്റം വന്നതായി അവർ നിരീക്ഷിച്ചു.
കാർ കൂട്ടിയിടിച്ചപ്പോൾ എത്ര വേഗതയിലായിരുന്നു എന്നറിയാൻ 'ശക്തിയായി ഇടിച്ചു' എന്ന വാക്ക് ഉപയോഗിച്ചപ്പോൾ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ ശരാശരി 64 കിലോമീറ്റർ ആയിരുന്നുവെന്നു പങ്കെടുത്തവർ പറഞ്ഞു. അതേസമയം, 'ഇടിച്ചു', 'തട്ടി', 'വന്നിടിച്ചു' എന്നീ വാക്കുകൾ ഉപയോഗിച്ചപ്പോൾ അത് ശരാശരി 51 കിലോമീറ്ററായി കുറഞ്ഞു. യഥാർഥ വീഡിയോയിൽ പൊട്ടിയ ചില്ലുകൾ ഇല്ലാതിരുന്നിട്ടും 'ശക്തിയായി ഇടിച്ചു' എന്ന വാക്ക് കേട്ടവരിൽ പലരും പൊട്ടിയ ചില്ലുകൾ കണ്ടതായി ഓർത്തെടുത്തു.

കുട്ടിക്കാലത്തെ സംഭവങ്ങൾ
മുഴുവൻ സംഭവങ്ങളും ഇത്തരത്തിൽ കൃത്രിമ ഓർമകളായി രൂപപ്പെടുമോ എന്നറിയാൻ ലോഫ്റ്റസും ജാക്വലിൻ പിക്റെലും ചേർന്ന് 1995-ൽ മറ്റൊരു പരീക്ഷണവും നടത്തി. കുട്ടിക്കാലത്തെ നാലു സംഭവങ്ങളുടെ വിവരണങ്ങൾ പങ്കെടുത്തവർക്കു നൽകി, അതിൽ മൂന്നെണ്ണം കുടുംബാംഗങ്ങൾ നൽകിയ യഥാർഥ സംഭവങ്ങളും ഒരെണ്ണം കെട്ടിച്ചമച്ചതുമായിരുന്നു. ഷോപ്പിംഗ് മാളിൽവച്ച് കുട്ടി വഴിതെറ്റിപ്പോകുന്നതും കരയുന്നതും ഒടുവിൽ പ്രായമായ സ്ത്രീയുടെ സഹായത്തോടെ മാതാപിതാക്കളുടെ അടുത്തെത്തുന്ന വെറും സാങ്കൽപിക സംഭവമായിരുന്നു അത്.
പിന്നീടു നടന്ന സംഭാഷണങ്ങളിൽ പരീക്ഷണങ്ങളിൽ പങ്കെടുത്ത 24 പേരിൽ ആറു പേർ കെട്ടിച്ചമച്ച സംഭവത്തിന്റെ ഭാഗങ്ങളിൽ ചിലതു ഓർമിക്കുന്നതായി വ്യക്തമാക്കി. നിർദേശങ്ങളും സൂചനകളും വ്യക്തിപരമായ ഓർമകളെ എത്രത്തോളം സ്വാധീനിക്കാമെന്നു വ്യക്തമാക്കിയ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പഠനങ്ങളിലൊന്നായി ഇതു മാറുകയും ചെയ്തു.

തെറ്റു സംഭവിക്കാനുള്ള സാധ്യതകൾ
എന്തുകൊണ്ടാണു മസ്തിഷ്കം വിട്ടുപോയ വിവരങ്ങൾ സ്വയം കൂട്ടിച്ചേർക്കുന്നത് എന്നതിനു വിവരശേഖരണം, ഏകീകരണം, ഓർത്തെടുക്കൽ എന്നീ പ്രക്രിയകളുമായി ബന്ധമുണ്ട്. അനുഭവങ്ങളിൽനിന്നുള്ള വിവരങ്ങൾ മസ്തിഷ്കം സ്വീകരിക്കുന്നതാണു വിവരശേഖരണം. കാലക്രമേണ അവ അസ്ഥിരപ്പെടാം. പിന്നീട് ഓർമിക്കുമ്പോൾ, സൂക്ഷിച്ച വിവരങ്ങളും ലഭ്യമായ മറ്റു സൂചനകളും ചേർത്തു മസ്തിഷ്കം ആ അനുഭവം പുനർനിർമിക്കുന്നു. ഈ പുനർനിർമാണ പ്രകൃയയിലാണു പിഴവുകൾ സംഭവിക്കുന്നതെന്നു ഗവേഷകർ വ്യക്തമാക്കി. ഭാവന, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, സ്മരണകൾ വീണ്ടെടുക്കുന്ന രീതി എന്നിവ ഓർമപ്പിശകുകൾക്കു കാരണമാകാമെന്നു പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
തെറ്റായ ഓർമകൾ നിലനിൽക്കുന്നു എന്നതുകൊണ്ട് നമ്മൾ ഓർക്കുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കാൻ കൊള്ളാത്തതാണെന്നു ഗവേഷകർ അർഥമാക്കുന്നില്ല. നിത്യജീവിതം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനുള്ള കൃത്യത നമ്മുടെ ഓർമകൾക്കുണ്ട്. എങ്കിലും, ഒരു കാര്യം ഓർമിക്കുന്നതിൽ നമുക്കുള്ള ആത്മവിശ്വാസവും അതിന്റെ കൃത്യതയും എപ്പോഴും ഒന്നായിരിക്കണമെന്നില്ല. മറ്റുള്ളവർ ഉൾപ്പെട്ട സംഭവങ്ങൾ, സംഭാഷണങ്ങൾ, ദൃക്സാക്ഷി വിവരണങ്ങൾ എന്നിവ ഓർത്തെടുക്കുമ്പോൾ, പൂർണ ബോധ്യമുണ്ടാകാമെങ്കിലും തെറ്റു സംഭവിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
Tags : FalseMemories ElizabethLoftus Psychology HumanBrain MemorReconstruction