പ്രതികളായ അനീഷ്, സജിത്ത്
കോഴിക്കോട്: സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുപതുകാരിയെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശികളായ കെ.കെ. അനീഷ് (38), പി.എസ്. സജിത്ത് (24) എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. അടിവാരം–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അനീഷ്, സജിത്ത് ഇതേ ബസിലെ ക്ലീനറാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പുതുപ്പാടി പെരുമ്പള്ളി സ്വദേശിനിയായ ദളിത് യുവതിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. നരിക്കുനിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി, കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി ആക്രമിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് നരിക്കുനി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ, പിതാവിന്റെ പരിചയക്കാരായ പ്രതികൾ കാറിലെത്തി സമീപിക്കുകയായിരുന്നു. തുടർന്ന് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും, നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തു.
ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ യുവതിയെ വീണ്ടും ചൂഷണം ചെയ്യുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട സ്വകാര്യ ബസിനുള്ളിൽ വെച്ച് ഷട്ടറുകൾ താഴ്ത്തിയ ശേഷവും പലതവണ പീഡനത്തിന് ഇരയാക്കിയതായി യുവതിയുടെ മൊഴിയിലുണ്ട്. പിടിയിലായവർക്ക് പുറമെ കണ്ടാലറിയാവുന്ന മറ്റു ചിലരും തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് യുവതി പോലീസിന് സൂചന നൽകിയിട്ടുണ്ട്.
തുടർച്ചയായ ശാരീരികവും മാനസികവുമായ പീഡനം സഹിക്കവയ്യാതെ യുവതി ആദ്യം കൊടുവള്ളി പോലീസിലും പിന്നീട് കാക്കൂർ പോലീസിലും പരാതി നൽകുകയായിരുന്നു. തുടർന്ന് താമരശേരി ഡിവൈഎസ്പി കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും മറ്റ് സാഹചര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഡിവൈഎസ്പി വ്യക്തമാക്കി.
Tags : Rape arrest private visuals SexualAssault Assault Women Survivor Victim