പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തർപ്രദേശിലെ ഗംഗാ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ 11 വയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. അസംഗഢ് സ്വദേശികളായ അജയ് കുമാർ (40), മകൻ പിയൂഷ് (11), ഭാര്യാസഹോദരൻ രാജ്കുമാർ (30) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ അജയ് കുമാറിന്റെ ഭാര്യ ശൈലേഷ് കുമാരിക്ക് (38) ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്.
ഡൽഹിയിൽ നിന്നും വാടകയ്ക്കെടുത്ത കാറിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് കുടുംബം അസംഗഢിലെ വീട്ടിലേക്ക് യാത്ര തിരിച്ചത്. യാത്രാമധ്യേ നിയന്ത്രണം വിട്ട കാർ മുന്നിൽ പോവുകയായിരുന്ന ട്രാക്ടർ ട്രോളിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.
അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. വാഹനത്തിനുള്ളിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയതായി പൊലിസ് വ്യക്തമാക്കി. ഡ്രൈവർ മദ്യലഹരിയിലായിരുന്നോ അതോ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്ന കാര്യത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലിസ് അറിയിച്ചു.
Tags : Accident Family Kill Car