ബിസ്ലേരി കുപ്പിവെള്ളം
കോൽക്കത്ത: പ്രമുഖ കുപ്പിവെള്ള നിർമാതാക്കളായ ബിസ്ലേരിക്കെതിരെ വീണ്ടും നിയമനടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പശ്ചിമ ബംഗാളിലെ പ്ലാന്റിൽ നിന്നും ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളിൽ ആരോഗ്യത്തിന് ഹാനികരമായ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2027 ജനുവരി 19 വരെ ഉപയോഗ കാലാവധിയുള്ള 'PB 201' എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളത്തിലാണ് മലിനീകരണം സ്ഥിരീകരിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കിടെ ബിസ്ലേരിക്കെതിരെ എഫ്എസ്എസ്എഐ സ്വീകരിക്കുന്ന രണ്ടാമത്തെ നിയമനടപടിയാണിത്.
2026 ജൂലൈ 20-ന് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലുള്ള തേലിപാറ ഗ്രാമത്തിലെ ബിസ്ലേരി പ്ലാന്റിൽ നിന്നാണ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചത്. പ്രാഥമിക ലാബിലും തുടർന്ന് റഫറൽ ലാബിലും നടത്തിയ പരിശോധനകളിൽ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2026 ഓഗസ്റ്റ് 12-ന് ഈ ബാച്ചിന്റെ വിൽപ്പന എഫ്എസ്എസ്എഐ നിരോധിക്കുകയും ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ അനുമതി നൽകുകയും ചെയ്തു.
നേരത്തെ നവംബർ 22-നും ബിസ്ലേരിക്കെതിരെ സമാനമായ നടപടിയുണ്ടായിരുന്നു. 2025 സെപ്റ്റംബറിൽ ഗോവയിലെ പ്ലാന്റിൽ ഉൽപ്പാദിപ്പിച്ച ഒരു ബാച്ച് വെള്ളത്തിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ ബ്രോമേറ്റും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) കണ്ടെത്തിയതിനെ തുടർന്നായിരുന്നു അത്. എന്നാൽ, തങ്ങളുടെ ഉൽപ്പന്നങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും ലാബ് പരിശോധനാ ഫലങ്ങളിൽ അപാകതകളുണ്ടെന്നുമാണ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
തുടർച്ചയായ ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള കുപ്പിവെള്ള നിർമ്മാണ യൂണിറ്റുകളിൽ പരിശോധന കർശനമാക്കാൻ എഫ്എസ്എസ്എഐ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കാനല്ല, മറിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടികളെന്ന് എഫ്എസ്എസ്എഐ സിഇഒ രജിത് പുൻഹാനി വ്യക്തമാക്കി.