പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ ബിന്ദാപൂരിൽ അമ്മയുമായുള്ള വഴക്കിനിടെ യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ ഗ്യാസ് സിലിണ്ടർ തലയിൽ വീണ് യുവാവ് മരിച്ചു. ബിന്ദാപൂരിലെ താലാബ് വാലാ പാർക്ക് പ്രദേശത്ത് വെള്ളിയാഴ്ച വൈകിട്ട് 6.30-ഓടെയാണ് സംഭവം. കെട്ടിടത്തിന് താഴെ നിൽക്കുകയായിരുന്ന സാഹിലാണ് (30) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുടെ അനന്തരവനായ ശിവം ശർമ്മയെ പൊലിസ് കസ്റ്റഡിയിലെടുത്തു. മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് സിലിണ്ടർ താഴെ നിൽക്കുകയായിരുന്ന സാഹിലിന്റെ തലയിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാഹിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശിവം ശർമ്മ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടായിരുന്നതായും ഇക്കാര്യത്തിൽ കെട്ടിട ഉടമയ്ക്ക് പരാതി നൽകിയിരുന്നതായും അയൽവാസികൾ ആരോപിച്ചു. വെള്ളിയാഴ്ച വൈകിട്ട് അമ്മയുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രകോപിതനായ ശിവം ശർമ്മ സിലിണ്ടർ താഴേക്ക് വലിച്ചെറിയുകയായിരുന്നു.
അതേസമയം, വഴക്കിനിടെ സിലിണ്ടർ താഴേക്ക് എറിഞ്ഞതാണോ അതോ അബദ്ധത്തിൽ താഴെ വീണതാണോ എന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. മരിച്ച സാഹിൽ ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഭാര്യയ്ക്കും ഒരു വയസുള്ള മകനുമൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
Tags : Die GasCylinder Head