ബില്ല് കത്തിക്കുന്ന സ്റ്റാലിൻ, സ്റ്റാലിനും മോദിയും
ചെന്നൈ: തമിഴ്നാടിന്റെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ അധികാരം കവർന്നെടുക്കുന്ന കരിനിയമമെന്ന് വിശേഷിപ്പിച്ച് മുൻപ് പ്രതിഷേധത്തിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിഞ്ഞ മണ്ഡല പുനർനിർണയ ബില്ലിനെ ഒടുവിൽ പിന്തുണയ്ക്കാൻ തീരുമാനിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേർന്ന ഡിഎംകെ എംപിമാരുടെ നിർണ്ണായക യോഗമാണ് ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. പ്രതിപക്ഷ നിരയെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ടാണ് സ്റ്റാലിന്റെ ഈ അപ്രതീക്ഷിത നിലപാട് മാറ്റം.
മണ്ഡല പുനർനിർണയ നീക്കങ്ങൾ ആദ്യഘട്ടത്തിൽ ഉയർന്നുവന്നപ്പോൾ, അത് തമിഴ്നാടിന്റെ പാർലമെന്ററി പ്രാതിനിധ്യത്തെ തകർക്കുമെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അമിത അധികാരം നൽകുമെന്നും ആരോപിച്ച് സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിന് ചുക്കാൻ പിടിച്ച സ്റ്റാലിൻ ബില്ലിന്റെ കരട് രേഖകൾ കത്തിച്ചെറിഞ്ഞുകൊണ്ടാണ് കേന്ദ്ര സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. 'ദക്ഷിണേന്ത്യയോടുള്ള വഞ്ചന' എന്ന് വിശേഷിപ്പിച്ച അതേ വിഷയത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന് അനുകൂലമായ നിലപാട് ഡിഎംകെ സ്വീകരിച്ചിരിക്കുന്നത്.
എന്തുകൊണ്ട് ഈ നിലപാട് മാറ്റം?
തമിഴ്നാടിന്റെ നിലവിലുള്ള സീറ്റ് വിഹിതത്തിന് യാതൊരു കോട്ടവും തട്ടില്ലെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി ഉറപ്പുനൽകിയതാണ് സ്റ്റാലിന്റെ മനംമാറ്റത്തിന് പിന്നിലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകൾ 50 ശതമാനം വീതം വർധിപ്പിക്കാനും, 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ സീറ്റ് അനുപാതം അടുത്ത 25 വർഷത്തേക്ക് കൂടി മാറ്റമില്ലാതെ തുടരാനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ഭേദഗതി ബില്ലിൽ വ്യവസ്ഥയുണ്ട്. തങ്ങൾ മുന്നോട്ടുവെച്ച പ്രധാന ആശങ്കകൾ കേന്ദ്രം പരിഹരിച്ച സാഹചര്യത്തിൽ ബില്ലിനെ എതിർക്കേണ്ടതില്ലെന്നാണ് ഡിഎംകെയുടെ പുതിയ നിലപാട്.
ബിജെപിക്ക് വൻ നേട്ടം, പ്രതിപക്ഷത്തിന് തിരിച്ചടി
പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കി ബിൽ പാസാക്കാൻ ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് ഡിഎംകെയുടെ ഈ പിന്തുണ വലിയ രാഷ്ട്രീയ വിജയമാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ മേശപ്പുറത്ത് വരാനിരിക്കെ, സ്റ്റാലിന്റെ ഈ ചുവടുമാറ്റം പാർലമെന്റിലെ സംഖ്യാബലത്തിൽ നിർണായക മാറ്റങ്ങളുണ്ടാക്കുമെന്നതിൽ സംശയമില്ല.
Tags : DMK constitution delimitation bill Modi MK Stalin BJP