പ്രതീകാത്മക ചിത്രം
കൊച്ചി: രണ്ട് ദിവസം കുതിച്ച് കയറിയ സ്വർണവില ഇന്ന് കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 11,720 രൂപയിലും പവന് 93,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 9590 രൂപയും പവന് 76,720 രൂപയും ആയി.
രാജ്യാന്തര വിപണിയിൽ വില പ്രവചനാതീതമായി നീങ്ങുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 22 കാരറ്റ് സ്വർണം ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 11,770 രൂപയിലും പവന് 94,160 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചിരുന്നത്.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമായതിനെ തുടർന്ന് ഡോളറും ബോണ്ട് യീൽഡും നടത്തുന്ന മുന്നേറ്റമാണ് സ്വർണവിലയെ പ്രധാനമായും വീഴ്ത്തിയത്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ സൂചിക 103.8ൽ നിന്ന് 104.04ൽ എത്തി. 10-വർഷ യുഎസ് ട്രഷറി യീൽഡ് 4.8 ശതമാനത്തിൽ നിന്ന് 4.93 ശതമാനത്തിലേക്കും ഉയർന്നു. ഇതോടെ രാജ്യാന്തര സ്വർണവില താഴുകയായിരുന്നു.
ഔൺസിന് 3684 ഡോളറിൽ നിന്നാണ് 3653 ഡോളറിലേക്ക് രാജ്യാന്തര വില കുറഞ്ഞത്. സ്വർണവില ഇനിയും ഇടിയുമെന്നും 3400 ഡോളർ വരെ താന്നേക്കാമെന്നും പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്സ്ബിസി അഭിപ്രായപ്പെട്ടു. യുഎസ്, ജാപ്പനീസ്, ദക്ഷിണ കൊറിയൻ ഓഹരി വിപണികളിൽ എഐ/ടെക് കമ്പനികളുടെ ഓഹരികൾ വീണ്ടും ഇടിഞ്ഞേക്കാമെന്നും ഇതു സ്വർണത്തിന് സമ്മർദമാകുമെന്നും എച്ച്എസ്ബിസി പറയുന്നു.
ഓഹരികളിൽ നിന്നുണ്ടാകുന്ന നഷ്ടം നികത്താൻ നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുക്കും. ഇത് വിലയിടിയാൻ വഴിവയ്ക്കുമെന്നാണ് എച്ച്എസ്ബിസി പറയുന്ന വാദം.