പ്രതീകാത്മക ചിത്രം.
ലക്നോ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പ്രചാരണകേന്ദ്രമായി മഥുരയെ ഉയർത്തിക്കൊണ്ടുവരാൻ ബിജെപി നീക്കം. അയോധ്യയിലെ രാമക്ഷേത്രത്തെ മുൻനിർത്തിയുള്ള പ്രചാരണത്തിനു പകരം മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി വിഷയം തെരഞ്ഞെടുപ്പ് ചർച്ചകളുടെ കേന്ദ്രമാക്കാനാണു പാർട്ടിയുടെ ശ്രമം. കാശിക്കും അയോധ്യയ്ക്കും പിന്നാലെ മഥുരയിലും വിപുലമായ ക്ഷേത്രം നിർമിക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആവേശം നിലനിർത്തുകയാണ് ലക്ഷ്യം.
2024 ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പൂർത്തിയായതോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടുത്ത പ്രചാരണകേന്ദ്രമായി മഥുരയെ മാറ്റാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ 16, 17 തീയതികളിൽ മഥുരയിൽ ചേർന്ന ദ്വിദിന ചിന്തൻ ബൈഠക്കിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കു രൂപം നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ കൃഷ്ണജന്മഭൂമി വിഷയത്തിന് പ്രത്യേക പ്രാധാന്യം നൽകാൻ തീരുമാനിച്ചതായാണു സൂചന.
പാർട്ടിയുടെ പ്രചാരണ മുദ്രാവാക്യത്തിലും ഈ മാറ്റം പ്രകടമാണ്. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ മുഖമുദ്രയായിരുന്ന ജയ് ശ്രീറാം എന്ന മുദ്രാവാക്യത്തിനു പകരം രാധേ രാധേ, കമൽ ഖിലാ ദേ എന്ന പുതിയ മുദ്രാവാക്യമാണ് അവതരിപ്പിച്ചിരിക്കുന്നത്. രാധാനാമത്തോടൊപ്പം ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ താമരയെ കൂട്ടിച്ചേർക്കുന്ന ഈ മുദ്രാവാക്യം മതവികാരത്തെയും രാഷ്ട്രീയലക്ഷ്യത്തെയും ഒരുമിപ്പിക്കാനുള്ള തന്ത്രമായാണു വിലയിരുത്തപ്പെടുന്നത്.
മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ ക്ഷേത്രം നിർമിക്കുമെന്ന പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രംഗത്തെത്തിയിട്ടുണ്ട്. നിയമനടപടികളിലൂടെയോ പരസ്പര ചർച്ചകളിലൂടെയോ ക്ഷേത്രനിർമാണം യാഥാർഥ്യമാക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 'അയോധ്യയുടെ ദൗത്യം പൂർത്തിയായി, ഇനി മഥുരയുടെ ഊഴമാണ്' എന്ന സന്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. മഥുര എംപി ഹേമമാലിനിയും ഈ നിലപാടിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അയോധ്യയിലെ തിരിച്ചടി
ബിജെപിയുടെ രാഷ്ട്രീയമുന്നേറ്റത്തിൽ നിർണായകമായിരുന്ന രാമക്ഷേത്ര വിഷയം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു പ്രതീക്ഷിച്ച നേട്ടം നൽകിയില്ലെന്നതാണു ശ്രദ്ധേയം. ക്ഷേത്രം സ്ഥിതിചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി പരാജയപ്പെട്ടു. സമാജ്വാദി പാർട്ടി സ്ഥാനാർഥി അവധേഷ് പ്രസാദാണ് ഇവിടെ വിജയിച്ചത്. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവനകളെച്ചൊല്ലിയുണ്ടായ വിവാദങ്ങളും പാർട്ടിക്കു തിരിച്ചടിയായി.
ക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്നുണ്ടായ വിവാദം അയോധ്യയിലെ പ്രാദേശിക വ്യാപാരമേഖലയെയും ബാധിച്ചിട്ടുണ്ട്. ക്ഷേത്രനഗരിയിലെത്തുന്ന ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവ് വ്യാപാരികളുടെ വരുമാനത്തിലും പ്രതിഫലിച്ചതായാണു റിപ്പോർട്ടുകൾ.
ഈ പശ്ചാത്തലത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആവേശം നിലനിർത്താൻ പുതിയ വിഷയവും പ്രചാരണവേദിയും വേണമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. മഥുരയിലെ കൃഷ്ണജന്മഭൂമി വിഷയം ഉയർത്തുന്നത് അയോധ്യയിലെ തെരഞ്ഞെടുപ്പു തിരിച്ചടിയിൽനിന്നു ശ്രദ്ധ തിരിക്കാനും വിവിധ ജാതിവിഭാഗങ്ങളെ ഒരേ രാഷ്ട്രീയ കുടക്കീഴിൽ അണിനിരത്താനും സഹായിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. രാമക്ഷേത്ര പ്രസ്ഥാനത്തിലൂടെ നേടിയ രാഷ്ട്രീയമുന്നേറ്റം കൃഷ്ണജന്മഭൂമി വിഷയത്തിലൂടെ കൂടുതൽ വിപുലമാക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.