ടെഹ്റാൻ: യുഎസും ഇറാനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ കരാർ നീട്ടാൻ ഇരുരാജ്യങ്ങളും പ്രാഥമിക ധാരണയിലെത്തിയെന്ന് റിപ്പോർട്ട്. ഈ നിർദേശത്തിന്മേൽ ഇനി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്തിമ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
ഇറാൻ ഡ്രോൺ ഓപ്പറേഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി, വ്യാഴാഴ്ച കുവൈറ്റിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.
റിപ്പോർട്ടുകൾ പ്രകാരം, ഇരുരാജ്യങ്ങളും 60 ദിവസത്തെ ധാരണാപത്രത്തിനാണ് തത്വത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. ഈ താത്കാലിക വെടിനിർത്തൽ നിലനിർത്തുന്നതിനൊപ്പം ഇറാന്റെ ആണവ പരിപാടിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ആരംഭിക്കാനും പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ ആദ്യം നിലവിൽ വന്ന താത്കാലിക വെടിനിർത്തലിനെ സ്ഥിരമായൊരു സമാധാന കരാറാക്കി മാറ്റാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് പുതിയ ആക്രമണങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഈ സംഘർഷത്തിൽ ഇതിനകം ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
കൂടാതെ, ആഗോള തലത്തിൽ കപ്പൽ ഗതാഗതത്തെയും എണ്ണവ്യാപാരത്തെയും വലിയ തോതിൽ സ്വാധീനിക്കുന്ന ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെടാനും ഈ യുദ്ധം കാരണമായിരുന്നു.
Tags : ceasefire Iran and US Latest News