വാഷിംഗ്ടൺ: വെനസ്വേലയ്ക്കെതിരായി രണ്ടാം ആക്രമണത്തിനൊരുങ്ങി അമേരിക്ക. കരിബിയൻ കടലിൽ മയക്കുമരുന്ന് കടത്തുന്നതായി ആരോപിക്കപ്പെടുന്ന കപ്പലുകൾക്കു നേരേ വീണ്ടും ആക്രമണം നടത്താൻ യുഎസ് നാവികസേന അഡ്മിറൽ ഉത്തരവിട്ടതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
സെപ്റ്റംബർ ആദ്യം കരീബിയൻ കടലലിൽ നടന്ന ആക്രമണത്തിൽ എൺപതിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ കപ്പലുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നോയെന്നു വ്യക്തമാക്കാൻ യുഎസിനു കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് കടത്തലിന്റെ തെളിവുകളൊന്നുമില്ല.
കൂടാതെ, ഓരോ കപ്പലിലും ആരൊക്കെ അല്ലെങ്കിൽ എന്തായിരുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളുമില്ല. യുഎസിലേക്കു മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകളാണു നശിപ്പിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ കപ്പലുകളെന്നും യുഎസ് ആരോപിക്കുന്നു. വെനസ്വേലയ്ക്കെതിരായി കരയാക്രമണത്തിനും ട്രംപ് മുതിരുന്നതായി റിപ്പോർട്ടുണ്ട്. മഡുറോയുമായി അടുത്തിടെ ഫോണിൽ സംസാരിച്ചതായി സ്ഥിരീകരിച്ച ട്രംപ് സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ തയാറായില്ല.
യുഎസ് നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് വെനസ്വേലയുടെ ദേശീയ അസംബ്ലി പ്രഖ്യാപിച്ചു.
Tags : US Venezuelan ships US attack