തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ഭരണമൊഴിയുന്പോൾ 48,733 കോടി രൂപയുടെ കുടിശിക അവശേഷിപ്പിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ സമർപ്പിച്ച ധവളപത്രത്തിൽ വ്യക്തമാക്കി. ഇതിൽ 21,690 കോടി രൂപ അടിയന്തരമായി കൊടുത്തുതീർക്കാനുള്ളതാണ്.
ഡിഎ കുടിശിക ഇനത്തിൽ 21,670 കോടിയുണ്ട്. പെൻഷൻകാർക്കുള്ള ഡിആറിൽ 14,387 കോടിയാണു കുടിശിക. കരാറുകാർക്കുള്ള കുടിശിക 3431 കോടി രൂപയും ഉൾപ്പെടെയാണ് ആകെ കുടിശിക അരലക്ഷം കോടിയോടടുത്തത്. സംസ്ഥാനത്തിന്റെ ആകെ പൊതുകടം 5.07 ലക്ഷം കോടി രൂപയാണ്.
മാറ്റിവയ്ക്കാനാകാത്ത ചെലവിനങ്ങളായ ശന്പളം, പെൻഷൻ, പലിശ ഇനത്തിൽ ആകെയുള്ള ചെലവിന്റെ 77.6 ശതമാനം വരും. അതായത് നാലു രൂപയിൽ ഒരു രൂപ മാത്രമാണ് സ്കൂൾ, ആശുപത്രികൾ, റോഡ്, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ് ക്കെല്ലാമായി ലഭിക്കുന്നത്.
ശന്പളം, പെൻഷൻ, പലിശ ഇനങ്ങളിൽ മാസം 11,000 കോടിയുടെ ചെലവു കൂടാതെ അടുത്ത ഒരു വർഷത്തിൽ അടിയന്തര കുടിശികകൾ കൊടുക്കാനായി 21,690 കോടി രൂപകൂടി കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇതിനൊപ്പമാണ് കിഫ്ബിയുടെ ബാധ്യതകൾ വരുത്തിവയ്ക്കുന്ന ധനസമ്മർദം.
കിഫ്ബിയുടെ വായ്പാ ബാധ്യത 21,000 കോടി രൂപയാണ്. നിലവിലുള്ള പദ്ധതികൾക്കായി ഇനി 35,000 കോടി രൂപ കണ്ടെത്തുകയും വേണം.
കേന്ദ്രത്തിൽനിന്നുള്ള വിഹിതത്തിലും കഴിഞ്ഞ അഞ്ചുവർഷവുമായി താരതമ്യം ചെയ്യുന്പോൾ കുറവു വരും.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റവന്യു കമ്മി ഗ്രാന്റ് ലഭിച്ചിരുന്നു. ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രത്തിൽനിന്നു ലഭിച്ചു. പതിനാറാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം റവന്യു കമ്മി ഗ്രാന്റ് ഇല്ല. കേന്ദ്രവിഹിതത്തിൽ ആകെ ലഭിക്കുന്ന തുകയിൽ ഗണ്യമായ കുറവു വരും.
കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന വരുമാനത്തിൽ പോലും വലിയ കുറവു വരും.
കേന്ദ്ര നികുതി വിഹിതം 42,114.32 കോടി രൂപ ലഭിക്കുമെന്നു ബജറ്റിൽ പ്രതീക്ഷിച്ച സ്ഥാനത്ത് യഥാർഥത്തിൽ കിട്ടാൻ പോകുന്നത് 36,355.39 കോടി രൂപ മാത്രമാണ്. ഈയിനത്തിൽ മാത്രം വരുന്ന കുറവ് 5958.93 കോടി രൂപയാണ്.
റവന്യു കമ്മി ഗ്രാന്റ് ഇനത്തിൽ 14,137.69 കോടി രൂപ പ്രതീക്ഷിച്ചെങ്കിലും ധനകാര്യ കമ്മീഷൻ അവാർഡിൽ ഈ തുകയില്ല. മറ്റിനങ്ങളിൽ കേന്ദ്രത്തിൽനിന്ന് 3522 കോടി രൂപ ലഭിക്കുമെന്നു കണക്കുകൂട്ടിയെങ്കിലും ലഭിക്കുന്നത് 2918.25 കോടി രൂപ മാത്രമാണ്. ഈയിനത്തിൽ കുറവ് 603.75 കോടിയാണ്.
ബാലഗോപാലിന്റെ ബജറ്റിൽ പറഞ്ഞിരിക്കുന്ന കേന്ദ്ര സർക്കാരിൽ നിന്നുള്ള പ്രതീക്ഷിത വരുമാനത്തിൽതന്നെ 20,500.47 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.
വായ്പയെടുത്ത് വായ്പയുടെ തിരിച്ചടവും പലിശ അടയ്ക്കലും നടത്തുക വഴി ഗുരുതരമായ സാന്പത്തിക സമ്മർദത്തിലേക്കാണു കേരളം നീങ്ങുന്നത്. 2021-22 സാന്പത്തികവർഷം പലിശ അടയ്ക്കുന്നതിനും വായ്പ സർവീസ് ചെയ്യുന്നതിനുമായി ചെലവഴിച്ചത് 30,481 കോടി രൂപയായിരുന്നു. 2025-26 ൽ അത് 55,171 കോടി രൂപയായി വർധിച്ചു. നാലു വർഷത്തിനിടെ 81 ശതമാനത്തിന്റെ വർധന.
2025-26 ൽ വിപണിയിൽ നിന്നുള്ള വായ്പ 49,788 കോടി രൂപയായിരുന്നു. എന്നാൽ, ഇതേ വർഷം പലിശ അടയ്ക്കുന്നതിനും വായ്പ സർവീസ് ചെയ്യുന്നതിനുമായി 55,170.70 കോടി രൂപ ചെലവഴിക്കേണ്ടി വന്നു. ഇത് അപകടകരമായ സ്ഥിതിയാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
പുതിയ സർക്കാരിന്റെമേൽ 2026 മാർച്ച് മൂന്നിന് കൊടുത്തുതീർക്കാനുള്ള കുടിശിക (തുക കോടിയിൽ)
ജീവനക്കാരുടെയും അധ്യാപകരുടെയും ഡിഎ - 21,670
പെൻഷൻകാരുടെ ഡിഎ - 14,387
ബാങ്കുകൾക്കും കരാറുകാർക്കും നൽകാനുള്ള
ബിൽ ഡിസ്കൗണ്ടിംഗ്- 3,431
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡു - 1,982
യുണിവേഴ്സിറ്റി-കോളജ് അധ്യാപകർക്കുള്ള ഡിഎ - 1,500
കാരുണ്യ ആരോഗ്യ പദ്ധതി - 2,017
സപ്ലൈകോ - 2,893
കേരള മെഡിക്കൽ സർവീസ് കോർപറേഷൻ - 476
എസ്സി-എസ്ടി സ്കോളർഷിപ്- 377
നിലവിലുള്ള പദ്ധതികൾ പൂർത്തീകരിക്കാൻ കണ്ടെത്തേണ്ടത് - 35,000 കോടി
പ്രതിമാസ ചെലവും വികസന പ്രതിസന്ധിയും
മാറ്റിവയ്ക്കാനാകാത്ത ചെലവുകൾ
ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി മാത്രം
ആകെ ചെലവിന്റെ 77.6% വിനിയോഗിക്കുന്നു. ബാക്കി വരുന്ന ഒരു രൂപ മാത്രമാണ് സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, മറ്റ് ക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്ക്കായി ലഭ്യമാകുന്നത്.
പ്രതിമാസ ചെലവ്: ശമ്പളം, പെൻഷൻ, പലിശ ഇനങ്ങളിൽ മാത്രം പ്രതിമാസം 11,000 കോടി ആവശ്യമാണ്.
Tags :