വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയുടെ നിർണായക നീക്കം. അമേരിക്കൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും ആക്രമിക്കാൻ ഇറാനെ സഹായിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങൾ റഷ്യ കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധത്തിൽ റഷ്യയുടെ നേരിട്ടുള്ള ആദ്യ ഇടപെടലായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്.
സൈനിക വിന്യാസം
അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, മേഖലയിലെ യുഎസ് സൈനിക വിന്യാസത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ഇറാനു കൈമാറിയത്. അതേസമയം, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ ചെയ്യണമെന്ന് റഷ്യ നിർദേശിക്കുന്നില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇറാൻ പരമോന്നത നേതാവ് ഖമനയ്യുടെ കൊലയ്ക്കുപിന്നാലെ ഗൾഫ് മേഖലയിലുടനീളം ഇറാൻ ശക്തമായ തിരിച്ചടി നൽകുന്ന സാഹചര്യത്തിലാണ് റഷ്യയുടെ സഹായം.
യുദ്ധഗതി മാറുമോ?
ഇറാനുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. എങ്കിലും സൈനിക സഹായം നൽകുന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. യുക്രെയ്ൻ യുദ്ധത്തിൽ ഇറാന്റെ സഹായം റഷ്യ ആശ്രയിക്കുന്നതിനാൽ, ഇറാനുമായുള്ള ബന്ധം റഷ്യക്കു നിലവിൽ അതീവ നിർണായകമാണ്.
അതേസമയം, റഷ്യയുടെ ഇടപെടൽ യുദ്ധഗതിയെ മാറ്റില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. ഇറാനിലെ സൈനിക സംവിധാനങ്ങളെ യുഎസ് പൂർണമായും തകർക്കുകയാണ്. റഷ്യ നൽകുന്ന വിവരങ്ങൾ ഒരു മാറ്റത്തിനു വഴിയൊരുക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവീറ്റ് പറഞ്ഞു.
നേരിടുമെന്ന് യുഎസ്
ആരൊക്കെയാണ് രഹസ്യമായി ചർച്ചകൾ നടത്തുന്നതെന്നു പ്രസിഡന്റ് ട്രംപിനു വ്യക്തമായ ധാരണയുണ്ടെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി.
റഷ്യയുടെ നീക്കം, ആഗോളതലത്തിലേക്കു സംഘർഷം വ്യാപിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Tags : war iran US Russian aid trump Putin russai israel