ബെയ്ജിംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ബെയ്ജിംഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തം വർധിപ്പിക്കാനും ബഹുധ്രുവ ലോകക്രമം പ്രോത്സാഹിപ്പിക്കാനും നിർദേശിക്കുന്ന പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.
വാണിജ്യം, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട ഇരുപതോളം കരാറുകൾക്കും ധാരണയായി. ഇരുപതോളം മറ്റു കരാറുകളും ഒപ്പുവയ്ക്കുമെന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.
അതേസമയം, റഷ്യയിൽനിന്ന് ചൈനയിൽ പ്രകൃതിവാതകം എത്തിക്കാൻ രണ്ടാമതൊരു പൈപ്പ്ലൈൻ സ്ഥാപിക്കുന്നതു സംബന്ധിച്ച തീരുമാനം ഉണ്ടായില്ലെന്നതു ശ്രദ്ധേയമായി. പ്രതിവർഷം 5000 കോടി ചതുരശ്രമീറ്റർ വാതകം ചൈനയ്ക്കു ലഭിക്കുന്ന ‘പവർ ഓഫ് സൈബീരിയ 2’ പദ്ധതിക്കായുള്ള ചർച്ചകൾ ഒരു പതിറ്റാണ്ടു മുന്പ് ആരംഭിച്ചതാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊതുധാരണയിലെത്തിയെന്നാണ് റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ, വാതകവില സംബന്ധിച്ച കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടെന്നും ചർച്ചകൾ വർഷങ്ങൾ നീളാമെന്നും നിരീക്ഷകർ പറഞ്ഞു.
ചൈനയും റഷ്യയും ദീർഘകാല പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു പുടിനോടു ഷി പറഞ്ഞതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചൈനയ്ക്ക് ഊർജവിഭവങ്ങൾ സ്ഥിരതയോടെ നല്കാൻ റഷ്യക്കു കഴിയുമെന്ന് പുടിൻ പറഞ്ഞു.
Tags : multipolar world order Putin-Xi meeting declares Russia China