ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംപിയിൽ വിവാഹ സൽക്കാരത്തിനിടെ വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിൽ സംഘർഷം. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ സിഎസ്ഐ പള്ളിയിൽ വച്ചായിരുന്നു വിവാഹം.
ചടങ്ങുകൾക്ക് ശേഷം വിവാഹ സൽക്കാരം അവസാനിക്കാറായപ്പോഴാണ് വരന്റെ സഹോദരിയും ഭർത്താവും ബന്ധുക്കളും ഭക്ഷണം കഴിക്കാനെത്തിയത്. ഈ സമയം കേറ്ററിംഗ് ജീവനക്കാർ മേശ വൃത്തിയാക്കുകയായിരുന്നു.
മറ്റൊരു മേശയിൽ ഇരിക്കാൻ കേറ്ററിംഗ് ജീവനക്കാർ ആവശ്യപ്പെട്ടുവെങ്കിലും ബന്ധുക്കൾ വിസമ്മതിച്ചു. ഇതിനിടെ ബന്ധുക്കളിലൊരാൾ കേറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയുടെ മകൻ ജീവയുടെ തലയിൽ പാത്രം കൊണ്ട് അടിക്കുകയായിരുന്നു.
തുടർന്ന് കേറ്ററിംഗ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടായി. ജീവനക്കാരായ മൂന്നുപേർക്കും ബന്ധുക്കളായ അഞ്ച് പേർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല.