x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോഗ്യ മേഖലയിൽ കോൺഗ്രസ് വിപ്ലവം കൊണ്ടുവരുമെന്ന് അശോക് ഗെഹ്‌ലോട്ട്


Published: April 2, 2026 12:34 PM IST | Updated: April 2, 2026 12:42 PM IST

തിരുവനന്തപുരം: ആരോഗ്യരംഗത്ത് ഇന്ത്യക്കു തന്നെ മാതൃകയായി "രാജസ്ഥാൻ മോഡൽ" മാറിയിരിക്കുകയാണെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കണക്കുകൾ നിരത്തി സംസാരിച്ച അദ്ദേഹം, കോൺഗ്രസ് സർക്കാരിന്‍റെ ദീർഘവീക്ഷണമുള്ള നയങ്ങൾ എങ്ങനെയാണ് രാജസ്ഥാനെ ആരോഗ്യമേഖലയിൽ ഒന്നാമതെത്തിച്ചതെന്ന് വ്യക്തമാക്കി.

അതേസമയം മികച്ച ആരോഗ്യ സംവിധാനത്തിന് പേരുകേട്ട കേരളം നിലവിലെ ഇടതുപക്ഷ സർക്കാരിന്‍റെ ദുർഭരണത്താൽ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാർ ആവിഷ്കരിച്ച ചിരഞ്ജീവി പദ്ധതി രാജസ്ഥാനിലെ ആരോഗ്യ മേഖലയെ മാറ്റിമറിച്ചു.
ഈ പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ പണമില്ലാതെയുള്ള ചികിത്സയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും നൽകുന്നുണ്ട്.

ഗുരുതരമായ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ഈ പദ്ധതി മോചിപ്പിച്ചു. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സമാനമായ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ക്യാൻസർ, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി, വൃക്ക-കരൾ മാറ്റിവയ്ക്കൽ, ബോൺ മാരോ ട്രാൻസ്പ്ലാന്‍റ് തുടങ്ങിയ ചെലവേറിയ ചികിത്സകൾ ഈ പദ്ധതി പ്രകാരം പൂർണ്ണമായും സൗജന്യമായി നൽകുന്നു. സർക്കാർ ആശുപത്രികളിൽ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും ഈ സേവനം പണമില്ലാതെ ലഭ്യമാണ്. ഏകദേശം 5,000 കോടി രൂപയുടെ സൗജന്യ ചികിത്സ 50 ലക്ഷത്തോളം രോഗികൾക്ക് ഈ പദ്ധതി പ്രകാരം നൽകി കഴിഞ്ഞു.

രോഗി മറ്റൊരു സംസ്ഥാനത്താണ് ചികിത്സ തേടുന്നതെങ്കിൽ പോലും ചിരഞ്ജീവി ഇൻഷുറൻസ് പാക്കേജ് അനുസരിച്ചുള്ള തുക അവർക്ക് റീ ഇംബേഴ്സ് മെന്‍റായി ലഭിക്കും.
എംആർഐ, സിടി സ്കാൻ, എക്സ്-റേ ഉൾപ്പെടെയുള്ള എല്ലാ അത്യാവശ്യ പരിശോധനകളും പൂർണ്ണമായും സൗജന്യമാക്കിയിട്ടുണ്ടെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Tags : ashok gehlot Congress health sector revolution udf

Recent News

Corehub Up