പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു പെൺകുട്ടിയുടെ കുടുംബം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് അയൽവാസിയായ 40-കാരൻ പെൺകുട്ടിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ച് വീട്ടിലെത്തിയ കുട്ടിയെ ലൈംഗികമായി ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ പിതാവ് ഉറക്കെ വിളിച്ചതോടെ പ്രതി കുട്ടിയുടെ പിടിവിടുകയായിരുന്നു. ഓടിയെത്തിയ പിതാവ് സമീപത്തുണ്ടായിരുന്ന തടിക്കഷണം എടുത്ത് അയൽവാസിയെ മർദിച്ചു. മർദനത്തിൽ ഇയാളുടെ കാൽ ഒടിഞ്ഞു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം മുൻ വൈരാഗ്യത്തിന്റെ പേരിൽ തന്നെ ആക്രമിച്ചുവെന്നാരോപിച്ച് അയൽവാസി പിതാവിനെതിരെ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോത്തൻകോട് പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയും റിമാൻഡ് ചെയ്യുകയും ചെയ്തു.
പിന്നീടാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാലാണ് പിതാവ് ആക്രമണം നടത്തിയതെന്ന വിവരം പോലീസിന് ബോധ്യപ്പെട്ടത്.തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് നടപടികൾ ഉടൻ രേഖപ്പെടുത്തിയേക്കും.
Tags : sexual assault 13-year-old girl