അയോധ്യയിലെ രാമക്ഷേത്രം
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ ലഭിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്തതിൽ നടന്ന വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് അന്വേഷണ സംഘം. ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്താൻ ചുമതലപ്പെടുത്തിയിരുന്ന എസ്ബിഐ ജീവനക്കാരെയും ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാക്കി.
രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിലെ പണം എണ്ണുന്നതിനായി 14 അംഗ സംഘത്തെയാണ് നിയോഗിച്ചിരുന്നത്. ഇതിൽ 11 പേർ ബാങ്ക് ജീവനക്കാരും മൂന്ന് പേർ ട്രസ്റ്റ് അംഗങ്ങളുമായിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനുള്ള സാധ്യതയും വർധിക്കുകയാണ്. എസ്ബിഐ ചുമതലപ്പെടുത്തിയിരുന്ന ജോലി പിന്നീട് സ്വകാര്യ ഏജൻസികൾക്ക് കൈമാറിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇത് വൻ തട്ടിപ്പിന് വഴിയൊരുക്കിയെന്നാണ് പ്രാഥമിക നിഗമനം.
സംഭവം പുറത്തുവന്നതോടെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെയും ബിജെപി-ആർഎസ്എസ് നേതൃത്വത്തിനെതിരെയും വലിയ രീതിയിലുള്ള പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്. സംഭാവന തുക കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ട്രസ്റ്റ് നേതൃത്വത്തിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. അന്വേഷണം പൂർത്തിയാകുമ്പോൾ കൂടുതൽ ഉന്നതർ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Tags : Ayodhya Ram Temple RSS leadership Latest News