വിഷ്ണു സത്യൻ, അരുൺകുമാർ, അഖിൽ റോയ്
ആലപ്പുഴ: കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാറശാല രാധം ഹൗസിൽ വിഷ്ണു സത്യൻ (33), ചെറുതന ശാസ്താംമുറി വഴുവേലിൽ തറയിൽ അരുൺകുമാർ (അപ്പൂസ്–28), ഹരിപ്പാട് വെട്ടുവെനി കിഴക്കേടാമ്പള്ളി തേക്കതിൽ അഖിൽ റോയ് (28) എന്നിവരാണ് അറസ്റ്റിലായത്.
ഹരിപ്പാടുള്ള ആൾതാമസമില്ലാത്ത വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പോലീസ് പിടികൂടിയത്. കേസിൽ ഒരാളെക്കൂടി ഇനി പിടികൂടാനുണ്ട്.
തിങ്കളാഴ്ച രാത്രി പുളിക്കീഴ് ജംഗ്ഷന് കിഴക്കുവശത്ത് വച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ കാർത്തികപ്പള്ളി പുതുക്കുണ്ടം ആലുങ്കുന്നത്ത് വിഷ്ണു പ്രസന്നന് (30) നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 21-ന് പുളിക്കീഴ് ജംഗ്ഷനിൽ വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ തുടർച്ചയായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.
അന്ന് വിഷ്ണു പ്രസന്നൻ നടത്തിയ ആക്രമണത്തിൽ ഇപ്പോൾ അറസ്റ്റിലായ വിഷ്ണു സത്യന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് കഴിഞ്ഞദിവസം രാത്രി എട്ടോടെ കാറിലെത്തിയ സംഘം വിഷ്ണു പ്രസന്നനെ തടഞ്ഞുനിർത്തി വെട്ടിയത്.
ആക്രമണത്തിൽ ഇയാളുടെ തലയുടെ പുറകിലും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ വിരലുകളുടെ ചലനശേഷി തിരികെ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ പറഞ്ഞു. നിലവിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലാണ് ഇയാൾ.
ആക്രമണത്തിന് ഉപയോഗിച്ച വാളും കത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രതികൾ മാന്നാർ എണ്ണയ്ക്കാട് ആറ്റിലാണ് ഉപേക്ഷിച്ചിരിക്കുന്നത്. എന്നാൽ ആയുധങ്ങൾ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി, ഫയർഫോഴ്സിന്റെയും മുങ്ങൽ വിദഗ്ദ്ധരുടെയും സഹായത്തോടെ ആറ്റിൽ വിശദമായ തിരച്ചിൽ നടത്തി ആയുധങ്ങൾ കണ്ടെടുക്കാനാണ് പോലീസിന്റെ തീരുമാനം.
തൃക്കുന്നപ്പുഴ എസ്എച്ച്ഒ ലാൽ. സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ കെ. അജിത്,പി. ശ്രീകുമാർ, രഞ്ജിത്ത് എഎസ്ഐ എസ്. ഗോപകുമാർ.സീനിയർ സിപിഒ മാരായ സാജിദ്, അനീഷ് കുമാർ, സിദ്ദിഖ്, മണിക്കുട്ടൻ, ഗിരീഷ് ലാൽ, ഇയാസ്, സിപിഓ നജി എന്നിവരും ഉണ്ടായിരുന്നു.
Tags : attack case 3 arrested