പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ മൈസൂരുവിൽ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വാഭാവിക മരണമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. സ്വകാര്യ സ്കൂൾ അധ്യാപിക സുശീലയാണ് സാമ്പത്തിക തർക്കങ്ങളുടെ പേരിൽ ഭർത്താവ് നിത്യാനന്ദയെ കൊലപ്പെടുത്തിയത്.
ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് സംസ്കരിക്കാൻ ശ്രമിക്കുകയായിരുന്നു. മരിച്ച നിത്യാനന്ദയുടെ കഴുത്തിലെ പാട് സഹോദരന്റെ ശ്രദ്ധയിൽപ്പെട്ടു. ചോദ്യങ്ങൾക്ക് സുശീല കൃത്യമായ ഉത്തരം നൽകാതെ വന്നതോടെ ഇയാൾ വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തറിയുന്നത്.
ഞായറാഴ്ച രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ നിത്യാനന്ദയെ ഉറങ്ങി കിടക്കുന്നതിനിടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുശീല പോലീസിനോട് പറഞ്ഞു. ഇതിന് ആൺസുഹൃത്തായ ഹരിഷിന്റെ അയാളുടെ മൂന്ന് ജോലിക്കാരുടേയും സഹായവും കിട്ടിയിരുന്നു. ഹരീഷിനെയും രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.