തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ പ്രസവത്തിനിടെ യുവതി മരിച്ചത് അമിത രക്തസ്രാവം മൂലം. എടമുട്ടം കൊല്ലാറ വീട്ടിൽ ജ്യോതി(32)യാണ് ലോഡ്ജിൽ മുറിയെടുത്തുള്ള പ്രസവത്തിനിടെ മരിച്ചത്.
ഇവരുടെ കുഞ്ഞ് മരിച്ചത് വേണ്ട പരിചരണം കിട്ടാത്തതുകൊണ്ടാണെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച മെഡിക്കൽ കോളജിൽ ഇരുവരുടെയും മൃതദേഹങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ജ്യോതിയെയും നവജാതശിശുവിനെയും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സ്വകാര്യലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജ്യോതി, സുഹൃത്ത് പാവറട്ടി സ്വദേശി ഓട്ടോഡ്രൈവർക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തത്. പിന്നാലെ സുഹൃത്ത് മടങ്ങിയിരുന്നു.
പലതവണ വിളിച്ചിട്ടും ജ്യോതി ഫോൺ എടുക്കാത്തതിൽ സംശയംതോന്നിയ സുഹൃത്ത് ലോഡ്ജിലെത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസിനെയും അഗ്നി രക്ഷാ സേനയെയും വിവരമറിയിച്ചതോടെ ഇവരെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവതിയേയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഓട്ടോഡ്രൈവറെ വിട്ടയച്ചു.
Tags : Childbirth in lodge Mother died baby died