വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ എസ്ഐടി പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് പ്രത്യേക അന്വേഷണസംഘം ഒഴിവാക്കി. സ്ക്രീൻഷോട്ട് നിർമിച്ചത് കാസിം അല്ലെന്ന് ശാസ്ത്രീയ പരിശോധനകളിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി. എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ പ്രതിയാക്കപ്പെട്ട മുഹമ്മദ് കാസിം കഴിഞ്ഞ രണ്ട് വർഷമായി വലിയ നിയമപോരാട്ടത്തിലായിരുന്നു.
കാസിമിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന് അദ്ദേഹം കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ടതായും, ഇക്കാര്യം പോലീസ് കോടതിയെ ഔദ്യോഗികമായി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. സന്ദേശം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗും നേരത്തെ പരാതി നൽകിയിരുന്നു.
കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നാണെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രചരിപ്പിച്ച വ്യാജ സ്ക്രീൻഷോട്ടാണ് കേസിനാസ്പദമായത്.
ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് അന്വേഷണം മന്ദഗതിയിലായിരുന്നു.
യുഡിഎഫ് സർക്കാരിന് കീഴിൽ അന്വേഷണം ഊർജിതമാക്കിയതോടെയാണ് ജിതിൻ ഭാസ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. എന്നിരുന്നാലും, ഈ സ്ക്രീൻഷോട്ട് യഥാർത്ഥത്തിൽ ആര് നൽകിയതാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
Tags : SIT Mohammad Kasim Kafir Screenshot Latest News