കൊച്ചി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പേരില്‍ കൊച്ചിയില്‍ സംഗമം നടത്താനിരുന്ന നീക്കത്തില്‍ അന്വേഷണവുമായി പോലീസ്. സംഗമം നടത്താനായി മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ വൈകിട്ട് മറൈന്‍ ഡ്രൈവില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സൗത്ത് ഇന്ത്യന്‍ ഘടകം എന്ന പേരിലാണ് പരിപാടി നടത്താനിരുന്നത്.
എന്നാല്‍ അത് ഇന്നലെ നടന്നിരുന്നില്ല. സിജെപി കൊച്ചി മീറ്റ് അപ്പ് എന്ന പേരില്‍ ടെലിഗ്രാമിലൂടെയാണ് സന്ദേശം പ്രചരിച്ചത്. ടെലിഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യാനായി പോസ്റ്ററില്‍ ക്യൂആര്‍ കോഡ് നല്‍കുകയും ചെയ്തിരുന്നു. പോസ്റ്റര്‍ ഷെയര്‍ ചെയ്ത അക്കൗണ്ടുകള്‍ പോലീസും സൈബര്‍ സെല്ലും നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, ജൂണ്‍ ആറിന് ജന്തര്‍മന്തറില്‍ ആദ്യ രാഷ്ട്രീയ നീക്കം നടത്താന്‍ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്താനാണ് തീരുമാനം. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.
ജൂണ്‍ ആറിന് താന്‍ ഇന്ത്യയില്‍ എത്തുമെന്നും ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും നേരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോയി പ്രതിഷേധിക്കാന്‍ അനുമതി തേടുമെന്നും അഭിജീത് പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Tags : Cockroach Janata Party Police Probe Latest News Kerala News Kerala Police