മുഖ്യമന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ, പനമ്പൂർ, ഉല്ലാൽ അടക്കമുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം ഉടൻ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
സംസ്ഥാന സർക്കാരുമായോ ജനപ്രതിനിധികളുമായോ യാതൊരു ആലോചനയും നടത്താതെ എടുത്ത ഈ തീരുമാനം കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും രൂക്ഷമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പാലക്കാട് ഡിവിഷന്റെ ചരക്ക് ഗതാഗത വരുമാനത്തിന്റെ (ഏകദേശം ₹650 കോടി) 90 ശതമാനവും നൽകുന്ന പനമ്പൂർ അടക്കമുള്ള മംഗളൂരു മേഖല വിട്ടുപോകുന്നത് ഡിവിഷന്റെ വരുമാനത്തിൽ 50 ശതമാനത്തോളം കുറവുണ്ടാക്കും.
വരുമാനശേഷി കുറയുന്നത് മലബാർ മേഖലയിലെ പുതിയ ട്രെയിൻ സർവീസുകൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും തിരിച്ചടിയാകും. 2007-ൽ സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ തന്നെ വലിയൊരു ഭൂപ്രദേശം നഷ്ടപ്പെട്ട പാലക്കാട് ഡിവിഷന്, പുതിയ വിഭജനം കൂടി വരുന്നതോടെ അതിന്റെ പ്രവർത്തനശേഷി തന്നെ നഷ്ടപ്പെടുമെന്നും ആശങ്കകളുണ്ട്. ഈ സാഹചര്യത്തിൽ റെയിൽവേ ബോർഡിന്റെ നിലവിലെ ഉത്തരവ് അടിയന്തരമായി മരവിപ്പിക്കാനും പാലക്കാട് ഡിവിഷന്റെ അതിർത്തികൾ സംരക്ഷിക്കാനും നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.
Tags : V.D. Satheesan ChiefMinister PalakkadRailway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash