തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
തങ്ങളുടെ രാഷ്ട്രീയ ഇരട്ടയായ സിപിഎമ്മിനെ സംരക്ഷിക്കാൻ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. സത്യമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ഒരു നേതാവോ പാർട്ടിയോ മുൻ മുഖ്യമന്ത്രിയോ നിയമത്തിന് അതീതരല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഉത്തരവാദിത്തങ്ങൾ നേരിടാനുള്ള സിപിഎമ്മിന്റെ കടുത്ത വിമുഖതയെയാണ് തുറന്നുകാട്ടുന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.