കണ്ണൂർ: ഇഎസ്എ അല്ല ഏത് കാട്ടാളനിയമം കൊണ്ടുവന്നാലും കേരളത്തിലെ കർഷകന്റെ ഒരിഞ്ചു ഭൂമിപോലും ഇനി പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്നു രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ- ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു.
2026ലെ ഇഎസ്എ കരട് വിജ്ഞാപനം റദ്ദാക്കുക, ഇഎസ്എ വനത്തിനുള്ളിൽ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി മറ്റു സംഘടനകളുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്എ വിജ്ഞാപനത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചും കസ്തൂരിരംഗൻ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾ വച്ചും കേരളത്തിൽ ഇഎസ്എ നടപ്പാക്കാൻ കഴിയില്ലെന്നു കാണിച്ച് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്ക് ആക്ഷേപം അയച്ചുകൊണ്ടാണു സംസ്ഥാനതല പ്രക്ഷോഭ പരിപാടികൾക്കു കണ്ണൂരിൽ തുടക്കം കുറിച്ചത്. തുടർന്ന് ഇന്നലെ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ 25 കർഷക സംഘടനകളുടെ സംസ്ഥാന നേതാക്കൾ ഉപവാസം നടത്തി. ഏകദിന ഉപവാസം കണ്ണൂർ മേയർ പി. ഇന്ദിര നാരങ്ങാനീരു നൽകി അവസാനിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡോ. ജോസുകുട്ടി ഒഴുകയിൽ സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല നന്ദിയും പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Eco-friendly sector