പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അത്യാധുനിക സംവിധാനങ്ങളോടെ വിപുലീകരിച്ച ഗാസ്ട്രോ സയന്‍സസ്, പള്‍മണറി വിഭാഗങ്ങളുടെ പുതിയ ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിര്‍വഹിച്ചു. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍, പ്രൊജക്ടസ് ലീഗല്‍ ആന്‍ഡ് ലെയ്സണ്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ സ്ലീവാ മെഡിസിറ്റിയോട് അനുബന്ധിച്ചുള്ള അനക്സ് ഒന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ആധുനിക നിലവാരത്തിലുള്ള പുതിയ സംവിധാനങ്ങള്‍ ഒരുങ്ങിയത്. എന്‍ഡോസ്കോപ്പി, ഇആര്‍സിപി, ബ്രോങ്കോസ്കോപ്പി, മാനോമെട്രി, അള്‍ട്രാസൗണ്ട്, ഫൈബ്രോസ്കാന്‍, ബ്രീത്ത് ടെസ്റ്റ്, ആസ്തമ അലര്‍ജി ക്ലിനിക്കുകള്‍, ടിബിചികിത്സയ്ക്കു പ്രത്യേക സൗകര്യം എന്നിവയ്ക്കുള്‍പ്പെടെ അത്യാധുനിക നിലവാരത്തിലുള്ള സ്യൂട്ട് മുറികള്‍ പുതിയ കെട്ടിടത്തിലെ പ്രത്യേകതയാണ്.
എട്ടു ബെഡുകളോടെ ഡേ കെയര്‍ സംവിധാനവുമുണ്ട്. 15 ഒപി മുറികള്‍, വിശാലയമായ ഫാര്‍മസി സൗകര്യം, 100 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ഡീലക്സ് കാന്റീൻ എന്നിവയും പുതിയ കെട്ടിടത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഒരു മാസത്തിനുള്ളില്‍ മെഡിക്കല്‍ ഗാസ്ട്രോ എന്ററോളജി, സര്‍ജിക്കല്‍ ഗാസ്ട്രോ എന്ററോളജി, പള്‍മണറി മെഡിസിന് വിഭാഗങ്ങളുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവര്‍ത്തന സജ്ജമാകും.
Tags : Mar Sliwa Medicity Pulmonary departments Gastro Sciences Expanded block