കണ്ണൂർ ജില്ലയിൽ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ വേനൽമഴയിലും കാറ്റിലും പലയിടത്തും കൃഷിനാശം. നടുവിൽ പഞ്ചായത്തിലെ കനകക്കുന്ന്, പാത്തൻപാറ മേഖലകളിലാണ് കൂടുതലും കൃഷിനാശം സംഭവിച്ചത്.
കനകക്കുന്നിലെ ബിജു കുന്നപ്പള്ളി കൊട്ടാരത്തിന്റെ വിളവെടുക്കാറായ 1500ഓളം നേന്ത്രവാഴകൾ നശിച്ചു. ഈ മേഖലയിൽ മറ്റു കർഷകരുടെ 350ഓളം വാഴകളും നശിച്ചിട്ടുണ്ട്. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.
കൃഷിനാശവും ഉണ്ടായിട്ടുണ്ട്. വീടുകളുടെ മേൽക്കൂരകൾ പാറിപ്പോകുകയും മരങ്ങൾ വീണ് തകരുകയും ചെയ്തു. ഇരിട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിന് മുകളിലെ കൂറ്റൻ ബോർഡ് കാറ്റിൽ തകർന്നു. താഴേക്ക് വീഴാതെ തൂങ്ങിനിന്നതിനാലാണ് വൻ അപകടം ഒഴിവായത്. അപകടാവസ്ഥയിലുള്ള ബോർഡ് പിന്നീട് അഗ്നിരക്ഷാ സേനയെത്തി നീക്കം ചെയ്തു.
ജബ്ബാർക്കടവിൽ ബസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.
കാസർഗോട്ട് കാറ്റും മിന്നലും
കാഞ്ഞങ്ങാട്: കൊടുംചൂടിൽ വെന്തുരുകിയ ദിവസങ്ങൾക്കൊടുവിൽ കാസർഗോഡ് ജില്ലയിലെങ്ങും വേനൽമഴ. ഇന്നലെ വൈകുന്നേരമാണ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഇടിമിന്നലോടുകൂടി സാമാന്യം ശക്തമായ മഴ പെയ്തത്.
മലയോരമേഖലകളിൽ ശക്തമായ കാറ്റുമുണ്ടായിരുന്നു. ഏറെനേരം വൈദ്യുതി മുടങ്ങിയതൊഴിച്ചാൽ എവിടെയും കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല. മഴയുടെ വരവറിയിച്ചുകൊണ്ട് മിക്കയിടങ്ങളിലും വെള്ളിയാഴ്ച രാത്രി തണുത്ത കാറ്റു വീശിയിരുന്നു. ജലക്ഷാമം മൂലം വരണ്ടുണങ്ങിയ കൃഷിയിടങ്ങളിലും മഴയുടെ വരവ് ആശ്വാസമായി.
മാവൂരില്‍ മൂന്നു വീടുകള്‍ക്ക് നാശം
കോഴിക്കോട്: വേനല്‍മഴയില്‍ മരം വീണ് മാവൂരില്‍ മൂന്നുവീടുകള്‍ക്ക് നാശനഷ്ടം. വലിയ കാറ്റാണ് ഈ മേഖലയില്‍ അനുഭവപ്പെട്ടത്. കോഴിക്കോട് മലയോര, തീരദേശ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്.
കുറ്റ്യാടി, നാദാപുരം, വടകര ഭാഗത്ത് ഉച്ചയോടെ മഴ തുടങ്ങി. ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായിരുന്നു. മറ്റിടങ്ങളില്‍ വൈദ്യുതി തടസങ്ങളും ചെറിയ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും സമാനമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ സൂചന.
മലയോര മേഖലകളായ കാവിലുംപാറ കുറ്റ്യാടി, മരുതോങ്കര,അടുക്കത്ത്തുടങ്ങിയ സ്ഥലങ്ങളില്‍ വേനല്‍ മഴ പെയ്തു. ഒരു മണിക്കൂറിലേറെനേരം ശക്തമായ മഴ ലഭിച്ചു.
Tags : summer rains Extensive damage