പാലക്കാട്: 2018ലെ മഹാപ്രളയം മനുഷ്യനിർമിതമാണെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. കരിമണൽ ലോബിക്കായി തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരിക്കാൻ മാത്യു ടി. തോമസ് ഇടപെട്ടുവെന്ന മാത്യു കുഴൽനാടന്റെ ആരോപണവും മന്ത്രി തള്ളി.
മാത്യു ടി. തോമസിന്റെ പേര് പരാമര്‍ശിച്ചുകൊണ്ട് കെ.കൃഷ്ണൻകുട്ടിയുടേതെന്ന് പറയുന്ന ശബ്ദസന്ദേശമാണ് മാത്യു കുഴൽനാടൻ പുറത്തുവിട്ടത്. എന്നാൽ ശബ്ദസന്ദേശം തന്റേതല്ലെന്നും എഐ ആണോയെന്ന് സംശയുണ്ടെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. പ്രളയം മനുഷ്യനിർമിതമെങ്കിൽ എന്തു കൊണ്ട് കുഴൽനാടൻ സഭയിൽ ഉന്നയിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഡിയോ വരെ വ്യാജമായി ഉണ്ടാക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കൃത്രിമമായി നിർമിച്ച ഓഡിയോയാണിതെന്നും കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
ഡാമുകൾ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതി എന്നാണ് ശബ്ദരേഖയിൽ പറയുന്നത്. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് മേരിമാതാ എന്ന കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ്. ഇതിൽ മാത്യു ടി. തോമസിനും പങ്കുണ്ടെന്നാണ് കൃഷ്ണൻകുട്ടി പറയുന്നത്. പ്രളയകാലത്ത് ജലസേചന വകുപ്പ് മന്ത്രിയായിരുന്നു കെ.കൃഷ്ണൻകുട്ടി.