വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർ
കൊച്ചി: ചെലവന്നൂരില്‍ മൂന്നു സെന്‍റ് ഭൂമിയില്‍ താമസിക്കുന്ന കുടുംബത്തെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കാന്‍ ശ്രമം. എറണാകുളം മുന്‍സിഫ് കോടതി വിധി പ്രകാരം തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി എത്തിയത്. അരമണിക്കൂറിനകം വീട് ഒഴിയണമെന്ന നിര്‍ദേശം നല്‍കുകയും ഒഴിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
തന്‍റെ 62 സെന്‍റ് സ്ഥലത്തിനുള്ളില്‍ അനധികൃതമായി താമസിക്കുകയാണ് എന്ന് കാട്ടിയാണ് ബിന്ദു ഷാജിക്കെതിരെ രവീന്ദ്രന്‍ എന്നയാള്‍ കോടതിയെ സമീപിച്ചത്. മുന്‍സിഫ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് പോലീസ് കുടിയൊഴിപ്പിക്കാന്‍ എത്തിയത്.
തഹസില്‍ദാര്‍, പോലീസുകാര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കമാണ് കുടിയൊഴിപ്പിക്കലിനായി എത്തിയത്. വീട് അകത്തുനിന്നും പൂട്ടിയതോടെ പോലീസ് കമ്പിപ്പാര അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടരുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് ഒഴിപ്പിക്കല്‍ തടഞ്ഞു.
ഒന്നിലേറെ തവണ കുടുംബത്തെ ഒഴിപ്പിക്കാനായി പോലീസ് എത്തിയിരുന്നെങ്കിലും നടന്നില്ല. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വനിത സിപിഒയുടെ കൈയ്ക്ക് ബിന്ദു കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കുടുംബത്തെയും പ്രതിഷേധിച്ച നാട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എന്നാല്‍ രവീന്ദ്രന്‍റെ 62 സെന്‍റില്‍ അല്ല തങ്ങളുടെ ഭൂമി എന്നാണ് കുടുംബത്തിന്‍റെ വാദം. 1982 മുതല്‍ ഇവിടെ താമസിച്ചു വരികയാണ്, തങ്ങള്‍ കരമടയ്ക്കുന്ന രസീത് അടക്കം കൈയിലുണ്ട്. വ്യാജ രേഖ ചമച്ചാണ് രവീന്ദ്രന്‍ കുടിയൊഴിപ്പിക്കലിനായി ഉത്തരവ് വാങ്ങിയതെന്നാണ് കുടുംബവും നാട്ടുകാരും പറയുന്നത്.
Tags : Eviction Police Forced Deepika DeepikaNewspaper BreakingNews NewsUpdate Headlines