കൊച്ചി: നിയന്ത്രണം വിട്ട ബൈക്കിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം. മുളവുകാട്-പൊന്നാരിമംഗലം പടന്നയിൽ വീട്ടിൽ ധനീഷിന്റെ മകൾ മേധാ ധനീഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം.
കണ്ടെയ്നർ റോഡിലെ മൂലമ്പിള്ളി ഭാഗത്തായിരുന്നു അപകടം നടന്നത്. അയൽവാസി രേഖയ്ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു മേധയും അമ്മ മിഥുനയും. അമ്മയുടെ കൈകളിലായിരുന്നു മേധ. റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ഇലക്ട്രിക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റ മേധയെയും മിഥുനയെയും അയൽവാസിയായ രേഖയെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മേധ മരിച്ചു. മിഥുനയും രേഖയും ചികിത്സയിലാണ്.
Tags : accident road accident kochi death