കൊച്ചി: കലൂർ സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിൽ സ്ഥാപിച്ച കൂറ്റൻ ഗേറ്റ് തകർന്നു വീണു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. സ്റ്റേഡിയത്തിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാഗത്തെ ഗേറ്റുകളിലൊന്നാണു തകർന്നു വീണത്.
ഗേറ്റ് തകർന്നു വീഴുമ്പോൾ സമീപത്തു കൂടി ഒരു ഓട്ടോറിക്ഷയെത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെത്തി ഇവിടെ ബാരിക്കേഡ് സ്ഥാപിച്ചു. ഗേറ്റ് റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും ഭാരം മൂലം അനക്കാൻ പോലും കഴിഞ്ഞില്ല.
ഗേറ്റ് ഇപ്പോഴും വീണിടത്തു തന്നെ കിടക്കുകയാണ്. സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി ബാനർജി റോഡിൽ നിന്നു സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്നിടത്താണു പുതിയ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇരു ഭാഗങ്ങളിലും രണ്ടു പാളികൾ വീതമുള്ള കൂറ്റൻ ഗേറ്റുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
Tags : Gate collapses Kaloor Stadium kochi