പ്രതീകാത്മക ചിത്രം.
കോഴിക്കോട്: ചേവായൂരില്നിന്നു പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട ഒരു കേസ് ചേവായൂര്‍ പോലീസ് കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്കു കൈമാറി. കൊളവല്ലൂര്‍ സ്റ്റേഷന് പരിധിയിലെ ചെറ്റക്കണ്ടിയിലാണ് കുട്ടിയെ തടവിലാക്കിയിരുന്നത്. അവിടെനിന്ന് കഴിഞ്ഞദിവസം കുട്ടിയെ ചേവായൂര്‍ പോലീസ് മോചിപ്പിക്കുകയായിരുന്നു.
സംഭവം നടന്നത് കണ്ണൂര്‍ ജില്ലയിലായതിനാലാണ് അവിടുത്തെ പോലീസ് സ്റ്റേഷനിലേക്കു കേസ് കൈമാറിയത്. അതേസമയം കഴിഞ്ഞമാസം 15ന് രാത്രി പെണ്‍കുട്ടിയെ ചേവായൂരിലെ വീടിനു സമീപമുള്ള റോഡില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ് ചേവായൂര്‍ പോലീസ് തന്നെയാണ് അന്വേഷിക്കുന്നത്.
ഈ കേസില്‍ വസീം, ആത്മജു എന്നിവരാണു പ്രതികള്‍. ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വീണ്ടും കോടതിയെ സമീപിച്ച് ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമം നടത്തിവരുന്നതായാണ് സൂചന. രണ്ടു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ചേവായൂര്‍ എസ്എച്ച്ഒ പറഞ്ഞു. കണ്ണൂരില്‍ വച്ച് കുട്ടിയെ തടവിലാക്കി ഉപദ്രവിച്ച കേസില്‍ അഞ്ചു പേരാണു നിലവില്‍ പ്രതികള്‍. സംഘത്തിലൊരാളായ സുഹൈല്‍ എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ കുട്ടിയെ രണ്ടു സംഘങ്ങളാണ് ഉപദ്രവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പോക്സോ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തുമെന്ന പോലീസിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വസീമും ആത്മജും ചേര്‍ന്ന് ആലുവയില്‍ വച്ച് പെണ്‍കുട്ടിയെ വിട്ടയച്ചിരുന്നു. പെണ്‍കുട്ടി കോഴിക്കോട്ടേക്കു തിരിച്ചുവരുന്നവഴി കണ്ണൂര്‍ സ്വദേശികളുടെ കെണിയില്‍പ്പെടുകയായിരുന്നു. പെണ്‍കുട്ടി സിഡബ്ല്യുസിയുടെ കീഴിലുള്ള കെയര്ഹോമിലാണുള്ളത്.