പ്രതീകാത്മക ചിത്രം
ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഐവറികോസ്റ്റ് നോക്കൗട്ടില്‍. ഗ്രൂപ്പ് ഇയിലെ നിര്‍ണായക മത്സരത്തില്‍ കന്നിക്കാരായ കുറസാവൊയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയാണ് ഐവറികോസ്റ്റ് 2026 ലോകകപ്പിന്റെ നോക്കൗട്ട് ടിക്കറ്റ് കരസ്ഥമാക്കിയത്.
ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സിയുടെ 2019ല്‍ 72 മില്യണ്‍ പൗണ്ടിന് (ഏകദേശം 899 കോടി രൂപ) സ്വന്തമാക്കിയ നിക്കോളാസ് പെപ്പെയുടെ ഇരട്ടഗോളിലായിരുന്നു ഐവറികോസ്റ്റിന്റെ ജയം.
ഗ്രൂപ്പ് ഇയില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ട് ജയത്തോടെ ആറ് പോയിന്റ് ഐവറികോസ്റ്റ് സ്വന്തമാക്കി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ജര്‍മനിക്കും ഇത്രയും പോയിന്റാണ്. എന്നാല്‍, ഗോള്‍ ശരാശരിയില്‍ ജര്‍മനിക്കാണ് മുന്‍തൂക്കം.
ഡബിള്‍ പെപ്പെ
കിക്കോഫിനുശേഷം ഏഴാം മിനിറ്റില്‍ നിക്കോളാസ് പെപ്പെ ആദ്യഗോള്‍ നേടി. ഇടതുവശത്തുനിന്ന് യാന്‍ ഡിയൊമാന്ഡെ കട്ട് ചെയ്തു നല്കിയ പന്തില്‍നിന്നായിരുന്നു പെപ്പെയുടെ ഗോള്‍നേട്ടം. നിലവില്‍ സ്പാനിഷ് ക്ലബ് വിയ്യാറയലിനുവേണ്ടി കളിക്കുന്ന പെപ്പെ, 64-ാം മിനിറ്റില്‍ രണ്ടാമതും വല കുലുക്കി. ഇബ്രാഹിം സന്ഗരെയുടെ അസിസ്റ്റിലായിരുന്നു ഗോള്‍.
ഫിഫ ലോകകപ്പില്‍ ഐവറികോസ്റ്റിനുവേണ്ടി ഇരട്ടഗോള്‍ നേടുന്ന രണ്ടാമതു താരമാണ് നിക്കോളാസ് പെപ്പെ. 2006ല്‍ സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോയ്ക്ക് എതിരേ അരൗന ഡിഡാനെ ആയിരുന്നു ആദ്യമായി ഇരട്ടഗോള്‍ സ്വന്തമാക്കിയത്. മാത്രമല്ല, റോജര്‍ മില്ലയ്ക്കുശേഷം ലോകകപ്പില്‍ ഇരട്ടഗോള്‍ നേടുന്ന ഏറ്റവും പ്രയമുള്ള രണ്ടാമത് ആഫ്രിക്കന്‍ താരമാണ് 31 വര്‍ഷവും 27 ദിനവും വയസുള്ള പെപ്പെ.
Tags : Ivory Coast FIFA World Cup Football knockouts